ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതിനോടകം നമ്മൾ ഒരുപാട് ആവേശകരമായ പോരാട്ടങ്ങൾ കണ്ട് കഴിഞ്ഞു. എന്നാൽ ആരാധാകരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത പോരാട്ടം ആയിരിക്കും കൊൽക്കത്ത- ഗുജറാത്ത് മത്സരം. അവസാന ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡറിന്റെ റിങ്കു സിംഗ് അഞ്ച് പറത്തി കൊൽക്കത്തയെ അവിശ്വനീയമായ രീതിയിൽ വിജയവര കടത്തുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആയിരുന്നു ഗുജറാത്ത് താരങ്ങൾ. ഇത്ര വലിയ ടോട്ടൽ ഉണ്ടായിട്ടും അത് പ്രതിരോധിക്കാൻ പറ്റാത്ത ഷോക്കിൽ ഇരുന്ന യാഷ് ദയാലിന്റെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
അന്ന് തല്ലുകൊണ്ട് കരഞ്ഞ യാഷ് ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. യാഷിന് പകരം ടീമിലെത്തിയ മോഹിത് ശർമ്മയാകട്ടെ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാൽ തന്നെ ഇനി യാഷിന് അവസരം കിട്ടുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല.
അദ്ദേഹത്തെക്കുറിച്ച് ഇന്നലെ നടന്ന മത്സരശേഷം ഹാര്ദിക്ക് പറയുന്നത് ഇങ്ങനെ- “എനിക്ക് അത് സ്ഥിരീകരിക്കാൻ കഴിയില്ല (ഈ സീസണിൽ വീണ്ടും കളിക്കാനുള്ള സാധ്യതയെക്കുറിച്ച്). ആ മത്സരത്തിന് ശേഷം അസുഖം ബാധിച്ച് 7-8 കിലോ കുറഞ്ഞു. ആ കാലയളവിൽ വൈറൽ അണുബാധയുടെ വ്യാപനമുണ്ടായിരുന്നു, കൂടാതെ അദ്ദേഹം നേരിട്ട സമ്മർദ്ദം കാരണം, അവന്റെ അവസ്ഥ നിലവിൽ ഫീൽഡ് ചെയ്യാൻ പര്യാപ്തമല്ല. ആരുടെയെങ്കിലും നഷ്ടം ദിവസാവസാനം ഒരാളുടെ നേട്ടമാണ്. കളിക്കളത്തിൽ അദ്ദേഹത്തെ കാണുന്നതിന് ഒരുപാട് സമയമെടുക്കും,” പാണ്ഡ്യ അഭിപ്രായപ്പെട്ടു.
അതേസമയം ഹാർദിക് പാണ്ഡ്യ തന്റെ പഴയ ടീമായ മുംബൈയോട് ഒരു ദയയും കാണിച്ചില്ല. ഇന്നലെ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മുംബൈക്കെതിരെ 55 റണ്‍സ് ജയം നേടിയിരുന്നു . ഗുജറാത്ത് മുന്നോട്ടുവെച്ച 208 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് 20 ഓവറില്‍ 152 റണ്‍സെടുക്കാനെ ആയുള്ളു. 40 റൺസെടുത്ത നെഹാൽ വധേര മുംബൈയുടെ ടോപ് സ്കോററായി. താരം 21 പന്തിൽ മൂന്ന് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തിലാണ് ടീമിന്റെ മാനം രക്ഷിച്ചത്.