ഐപിഎല്‍ 2025ല്‍ നിന്നും പുറത്തായെങ്കിലും വിജയപ്രതീക്ഷയുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങിയത്. ടോസ് നേടിയ കെകെആര്‍ മത്സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ടീം ലൈനപ്പില്‍ ചെറിയ മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇന്ന് ഇറങ്ങിയത്. ഇതില്‍ പ്രധാന മാറ്റം അവരുടെ പ്രധാന ബാറ്റര്‍ നിതീഷ് റാണയെ ഒഴിവാക്കികൊണ്ടാണ് ടീം പ്രഖ്യാപിച്ചത് എന്നതാണ്.
നിതീഷ് റാണയ്ക്ക് ചെറിയ പരിക്കുണ്ടെന്നും അവന്‍ ഇന്ന് കളിക്കുന്നില്ലെന്നും നായകന്‍ റിയാന്‍ പരാഗാണ് ടോസ് സമയം അറിയിച്ചത്. നിതീഷിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുനാല്‍ സിങ് റാത്തോറിനെ രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തി. കൂടാതെ ഹസരങ്കയും യുദ്ധ്‌വീറും ടീമില്‍ തിരിച്ചെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ഇന്നത്തെ മത്സരം.
ആദ്യ ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ 206 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. റസലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കെകെആര്‍ ഇരുനൂറ് കടന്നത്. 25 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് റസല്‍ 57 റണ്‍സ് എടുത്തത്. അങ്കരീഷ് രഘുവംശി(44), അജിന്‍ക്യ രഹാനെ(30), റഹ്‌മനുളള ഗുര്‍ബാസ്(35) തുടങ്ങിയവരും കൊല്‍ക്കത്തയ്ക്കായി ഇന്ന് തിളങ്ങി.