ഐപിഎലിൽ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. ബാറ്റിംഗിൽ നായകൻ ശുഭ്മൻ ഗിൽ 104 റൺസ് നേടി. രാജസ്ഥാന് വേണ്ടി വൈഭവ് 96 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ഇപ്പോഴിതാ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്‍റെ വൈഭവ് സൂര്യവൻഷിയെ ഗുജറാത്ത് സ്വീകരിച്ച കടുത്ത തന്ത്രങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ സംസാരിച്ചിരിക്കുകയാണ്. കരിയറിന്‍റെ തുടക്കത്തിലുള്ള ഒരു കൗമാരക്കാരനെതിരെ ഗുജറാത്ത് ബൗളർമാർ ശരീരം ലക്ഷ്യമാക്കി തുടർച്ചയായി ‘ബോഡി ലൈൻ’ ബൗൺസറുകൾ എറിഞ്ഞതിനെയാണ് ഇർഫാൻ പത്താൻ രൂക്ഷമായി വിമർശിച്ചത്.
15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവൻഷിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് എനിക്ക് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് എനിക്കറിയാം, പക്ഷേ എന്‍റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍ കുറിച്ചത്.