ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യരെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. പരിക്കേറ്റ ഉടന്‍ തന്നെ താരത്തെ സിഡ്നിയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കുറച്ചു ദിവസങ്ങളായി ശ്രേയസ് ഐസിയുവിൽ ചികിത്സയിലാണെന്നാണു പുറത്തുവരുന്ന വിവരം.
‘‘ശ്രേയസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പരിശോധനകളില്‍ ആന്തരിക രക്തസ്രാവമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പരുക്കിന്റെ ഗൗരവം അനുസരിച്ച് അദ്ദേഹത്തിന് ഏഴു ദിവസത്തോളം ആശുപത്രിയിൽ തുടരേണ്ടിവന്നേക്കും. അണുബാധ തടയാനും കൂടുതൽ ശ്രദ്ധ വേണം. അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്. പക്ഷേ സൂക്ഷിക്കേണ്ടതുണ്ട്.’’– ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മൂന്നാം ഏകദിനത്തിനിടെ അലക്സ് ക്യാരിയെ പുറത്താക്കാൻ ക്യാച്ചെടുത്തപ്പോഴായിരുന്നു ശ്രേയസ് അയ്യർക്കു പരുക്കേറ്റത്. പിന്നിൽനിന്നും ഓടിയെത്തി പന്ത് പിടിച്ചെടുത്തെങ്കിലും ഗ്രൗണ്ടിൽ വീണ താരത്തിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ ശ്രേയസ് ഗ്രൗണ്ട് വിട്ടു. അയ്യരെ ടീം ഫിസിയോമാരെത്തിയാണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്.
31 കാരനായ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ആഴ്ച സിഡ്നി ആശുപത്രിയിൽ തുടരും. മൈതാനത്തേക്ക് മടങ്ങിയെത്താൻ അയ്യർക്ക് മൂന്നാഴ്ചയോളം സമയം വേണ്ടിവരുമെന്നായിരുന്നു വിവരം. എന്നാൽ നിലവിലെ അവസ്ഥ വച്ച് കൂടുതൽ ദിവസം താരം പുറത്തിരിക്കേണ്ടിവരും.