ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഏറ്റുമുട്ടുന്നതിനെ ഒരുപാട് ആരാധകർ എതിർക്കുന്നുണ്ട്. പാകിസ്താനെതിരെ ഇന്ത്യ കളിക്കാൻ പാടില്ലായിരുന്നു എന്നാണ് ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾക്കെതിരെയും ബിസിസിഐക്കെതിരെയും രംഗത്ത് എത്തിയിരിക്കുകയാണ് പഹൽഗ്രാം ആക്രമത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ ഐഷന്യ ദ്വിവേദി.
ഐഷന്യ ദ്വിവേദി പറയുന്നത് ഇങ്ങനെ:
” ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ബിസിസിഐ അംഗീകരിക്കരുതായിരുന്നു. ആ 26 കുടുംബങ്ങളോട് ബിസിസിഐയ്ക്ക് യാതൊരു അനുകമ്പയുമില്ല. എന്താണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾ ചെയ്യുന്നത്? ഇത് നമ്മുടെ നാഷണൽ ഗെയിമായിട്ടാണ് കാണുന്നത്. ഒന്ന് രണ്ട് കളിക്കാരൊഴികെ ബാക്കിയാരും ഈ കളി വേണ്ടെന്ന് വെക്കാൻ തയ്യാറായില്ല. തോക്കിന്‍ മുനയിൽ നിർത്തി കളിക്കാൻ പറയാൻ ബിസിസിഐയ്ക്ക് കഴിയില്ല. അവർ അവരുടെ രാജ്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കണം. പക്ഷേ അവർ അത് ചെയ്യുന്നില്ല” ഐഷന്യ ദ്വിവേദി പറഞ്ഞു.
മരിച്ച 26 പേർ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരാണെങ്കിൽ വേദനിക്കില്ലേയെന്നും അവർ ബ്രോഡ്കാസ്‌റ്റേഴ്‌സിനോട് ചോദിച്ചു. ഈ മത്സരത്തിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് പാകിസ്താൻ തീവ്രവാദം നടത്തില്ലെന്ന് ആര് കണ്ടുവെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.