ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.
ടീമിൽ ബോളിങ്ങിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ. താരങ്ങളുടെ മികവിനെ കുറിച്ച് വാനോള പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മാന്‍ ഗിൽ.
ശുഭ്മാന്‍ ഗിൽ പറയുന്നത് ഇങ്ങനെ:
” സിറാജ്, ആകാശ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന്റെ ടോപ് ഓർഡറിനെ എറിഞ്ഞിട്ടത് കാര്യങ്ങൾ എളുപ്പമാക്കി. എനിക്ക് തോന്നുന്നു പ്രസിദ്ധ് കൃഷ്ണയും മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന് വിക്കറ്റുകൾ ലഭിച്ചിരുന്നില്ല, പക്ഷെ നന്നായി കളിച്ചു. ആകാശ് ദീപ് മികച്ച ബോളിങ് ആണ് കാഴ്ച വെച്ചത്. വളരെ പ്രയാസമായ ഈ ഒരു പിച്ചിൽ നല്ല രീതിയിൽ ലൈനിലും ലെങ്ങ്തിലും കൃത്യമായി എറിഞ്ഞു” ശുഭ്മാന്‍ ഗിൽ പറഞ്ഞു.