ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.
എഡ്ജ്ബാസ്റ്റണിലെ ചരിത്രജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഐസിസി ചെയർമാൻ ജയ്ഷാ. എന്നാൽ ബാക്കി താരങ്ങളുടെ പേര് എടുത്ത് പറയുകയും പേസ് ബോളർ മുഹമ്മദ് സിറാജിന്റെ പേര് ഒഴിവാകുകയും ചെയ്തതോടെ സംഭവം വൻ വിവാദത്തിലേക്ക് പോയി.
ജയ്ഷാ എക്‌സിൽ കുറിച്ചത് ഇങ്ങനെ:
“ഒരു വലിയ ടെസ്റ്റ് മത്സരമാണ് അവസാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്തും ആഴവും വ്യക്തമാക്കുന്ന മത്സരമായിരുന്നു ഇത്. ഗില്ലിന്റെ 269 & 161, ബാറ്റിംഗ് പ്രകടനം സവിശേഷമായിരുന്നു. ആകാശ് ദീപിന്റെ 10 വിക്കറ്റ് പ്രകടനവും എടുത്ത് പറയണം. രവീന്ദ്ര ജഡേജയും റിഷഭ് പന്തും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഈ പ്രകടനങ്ങളെല്ലാം ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ലോര്‍ഡ്‌സിലെ അടുത്ത മത്സരത്തിന് വേണ്ടി കാത്തിരിക്കുന്നു” ജയ്ഷാ എക്‌സിൽ കുറിച്ചിട്ടു.