ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിച്ചപ്പോൾ 264 നു നാലു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ്. സായി സുദർശൻ, യശസ്‌വി ജയ്‌സ്വാൾ എന്നിവർ അർദ്ധ സെഞ്ചുറി നേടി. കൂടാതെ കെ എൽ രാഹുൽ മികച്ച തുടക്കവും നൽകി. നിലവിലെ മത്സരവും അടുത്ത ടെസ്റ്റ് മത്സരവും ഇന്ത്യക്ക് നിർണായകമാണ്.
ആദ്യ ഇന്നിങ്സിൽ ഓപണർ കെ എൽ രാഹുൽ 46 റൺസ് നേടി മടങ്ങി. എന്നാൽ മത്സരത്തിൽ വീണ്ടും റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. 25 ഇന്നിങ്സിൽ നിന്നാണ് നേട്ടം.
സച്ചിന്‍ ടെണ്ടുൽക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 30 ഇന്നിങ്സിൽ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിങ്സിൽ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. 28 ഇന്നിങ്സിൽ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്. 33 ഇന്നിങ്സിൽ നിന്ന് 1096 റണ്‍സ് നേടിയ കോഹ്‌ലിയാണ് നാലാം സ്ഥാനത്ത്.