മത്സരത്തിന്റെ ഫലത്തെ നിർണയിക്കുമായിരുന്ന ഒരു പിഴവ്, തോറ്റിരുന്നെങ്കിൽ എല്ലാവരും കൊത്തിപ്പറിക്കാൻ കാത്തിരുന്ന ഒരു കാരണം, അതിനെ അയാൾ മറികടന്നത് ഭാവിതലമുറയ്ക്ക് കണ്ടുപിടിക്കാവുന്ന ഒരു തിരിച്ചുവരവിന്റെ പാഠപുസ്തകമായിട്ടായിരുന്നു. അതെ മുഹമ്മദ് സിറാജ് നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്. ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.
ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾഔട്ടായി. നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിനെ സിറാജും പ്രസിദ്ധും ചേർന്ന് വരിഞ്ഞ് മുറുക്കുന്ന കാഴ്ചയാണ് കാണാനായത്. രണ്ടാം ഇന്നിംഗ്സിൽ സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് നാല് വിക്കറ്റ് വീഴ്ത്തി സപ്പോർട്ടിംഗ് ശക്തിയായി. ആകാശ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.
ഇതിനിടെ പരിക്കേറ്റ കൈ വെച്ചുകെട്ടി ഒറ്റകൈയുമായി ബാറ്റിംഗിന് ഇറങ്ങിയ ക്രിസ് വോക്സ് ക്രിക്കറ്റ് പ്രേമികളുടെ കൈയടി നേടി. താരത്തിന് ഒരു ബോൾ പോലും നേരിടേണ്ടി വന്നില്ലെങ്കിലും ഗസ് ആറ്റ്കിൻസണൊപ്പം നിന്ന് വിജയത്തിനായി അവസാന നിമിഷം വരെ പോരാടി. ആറ്റ്കിൻസൺ 29 ബോളിൽ 17 റൺസുമായി നിന്ന് അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് ടെൻഷൻ സമ്മാനിച്ചു.
രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും ഇന്നിംഗ്സ് ഞായറാഴ്ച കളി ഇംഗ്ലണ്ടിന്റെ കൈയിലാക്കിയിരുന്നു. 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 111 റൺസെടുത്തു. 152 പന്തുകളിൽനിന്ന് ജോ റൂട്ട് 105 റൺസടിച്ചു. 12 ഫോറുകളാണ് റൂട്ട് ബൗണ്ടറി കടത്തിയത്.
106ന് മൂന്ന് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ടിനെ 300 കടത്തിയാണ് ബ്രൂക്ക്– റൂട്ട് സഖ്യം പിരിഞ്ഞത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. സ്കോർ 301ൽ നിൽക്കെ ബ്രൂക്കിനെ ആകാശ്ദീപും 337 ൽ ജോ റൂട്ടിനെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുകയറുകയായിരുന്നു.