മത്സരം വളരെ മികച്ചതായിരിക്കുമെങ്കിലും, വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുമെന്ന് മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ശുഭ്മാൻ ഗിൽ ക്യാപ്റ്റനും ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനുമായിട്ടാണ് ഇന്ത്യ പരമ്പരയിലേക്ക് പ്രവേശിക്കുന്നത്. ഗില്ലിന്റെ മുൻഗാമിയായ രോഹിത് ശർമ്മയും അദ്ദേഹത്തിന്റെ മുൻഗാമിയായ വിരാട് കോഹ്‌ലിയും ടീമിലുണ്ട്.
വരാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര വളരെ മികച്ചതു തന്നെയായിരിക്കും. പോരാട്ടം എല്ലായ്‌പ്പോഴും ഇന്ത്യക്കെതിരേ തന്നെയായിരിക്കും. ഓസ്ട്രലിയക്കെതിരേ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുളള താരമാണ് വിരാട് കോഹ്ലി. കടലാസില്‍ നിങ്ങള്‍ നോക്കിയാല്‍ ഈ പരമ്പര ഗംഭീര പോരാട്ടം തന്നെയായിരിക്കും. മാത്രമല്ല പോരാട്ടം ഇഞ്ചോടിഞ്ചുമായിരിക്കും.
എങ്കിലും ഓസ്‌ട്രേലിയായിരിക്കും ഈ പരമ്പരയില്‍ ജയിക്കുകയെന്നാണ് ഞാന്‍ പറയുക. 2-1ന് മൂന്നു മല്‍സരങ്ങളുടെ പരമ്പര ഞങ്ങള്‍ നേടും. ഇതു പറയുമ്പോഴും എനിക്കു അത്ര വലിയ ആത്മവിശ്വാസമില്ല. കാരണം ഇന്ത്യയുടേത് മഹത്തായ ടീമാണ്. വളരെ ആവേശകരമായ പരമ്പര തന്നെയായിരിക്കും ഇത്- ഫിഞ്ച് വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമെല്ലാം ഗില്ലിനൊപ്പമുണ്ട്. ഇതു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തെ കൂടുതല്‍ ശാന്തനാക്കുകയും ചെയ്യും. ദീര്‍ഘകാലമായി ടീമിനൊപ്പമുള്ളവരാണ് രോഹിത്തും കോഹ്ലിയും. ടീമിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്നുവോ അതിനുള്ള എല്ലാ ഐഡിയകളും ഇവരില്‍ നിന്നും നേടിയെടുക്കാന്‍ ഗില്ലിനു സാധിക്കുമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.