2019 -ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം താരം ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളത്തിൽ ഇറങ്ങുന്നുണ്ട്. ഓരോ സീസൺ കഴിയുമ്പോഴും ഇത് അദ്ദേഹത്തിന്റെ അവസാന ഐപിഎൽ ആണെന്ന് പല അഭ്യൂഹങ്ങളും ഉടലെടുക്കാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിലും സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അടുത്ത ഐപിഎൽ കിരീടം നേടാൻ ചെന്നൈ സൂപ്പർ കിങ്സ് പരമാവധി ശ്രമിക്കുമെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.
വീഡിയോയിൽ ഒരു കുട്ടിയാണ് കാശി വിശ്വനാഥനോട് ചോദ്യങ്ങളുന്നയിക്കുന്നത്. അടുത്ത വർ ഷം ഐപിഎൽ കിരീടം നേടാൻ പദ്ധതിയിടുന്നുണ്ടോയെന്നായിരുന്നു കുട്ടിയുടെ ആദ്യ ചോദ്യം. ‘തീർച്ചയായും ഞങ്ങൾ തയ്യാറാണ്. എന്നാൽ കിരീടനേട്ടം സ്വന്തമാക്കാൻ കഴിയുമോയെന്ന് അറിയില്ല. എങ്കിലും പരമാവധി ശ്രമിക്കും,’ സിഎസ്കെ സിഇഒ പ്രതികരിച്ചു.
ധോണി വിരമിക്കുമോയെന്നതായിരുന്നു കുട്ടിയുടെ അടുത്ത ചോദ്യം. ഇല്ല ധോണി വിരമിക്കില്ല എന്ന് കാശി വിശ്വനാഥൻ മറുപടി നൽകി. എന്നാണ് ധോണി വിരമിക്കുകയെന്ന് കുട്ടി വീണ്ടും ചോദിച്ചു. ഇക്കാര്യം ധോണിയോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് സിഎസ്കെ സിഇഒ പറഞ്ഞു.