ഇന്ത്യന്‍ ക്രിക്കറ്റിന് മഹേന്ദ്ര സിംഗ് ധോണിയെന്ന കളിക്കാരനെ അത്ര എളുപ്പത്തിലൊന്നും മറക്കാനാകില്ല. ഇന്ത്യന്‍ ടീമിനെ ഇന്നുകാണുന്ന വിധത്തില്‍ ആക്കിയത് ധോണിയെന്ന നായകന്റെ ചോരയും നീരും കൊടുത്തുളള പ്രയത്നഫലമായാണ്. അതിനാല്‍ തന്നെ കഴിഞ്ഞ ആറ് മാസമായി ടീം ഇന്ത്യയില്‍ നിന്നും വിട്ടു നില്ക്കുന്ന ധോണിയെ ഇന്ത്യന്‍ താരങ്ങള്‍ വല്ലതെ മിസ് ചെയ്യുന്നുണ്ട്.
അതിന് തെളിവാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ. ഒരു എപ്പിസോഡില്‍ ഇന്ത്യന്‍ ടീമിന്റെ ബസ് യാത്ര ചിത്രീകരിക്കുന്നതിനിടെയാണ് അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ ധോണിയുടെ കാര്യം ചഹല്‍ പറഞ്ഞത്. അല്പം വൈകാരികമായി തന്നെയാണ് ചഹല്‍ ധോണിയെ കുറിച്ച് പറഞ്ഞതും.
ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങളുമായി പല കാര്യങ്ങളും സംസാരിച്ച ശേഷമാണ് ധോണിയെ ചഹല്‍ ഓര്‍ക്കുന്നത്. ടീം ബസിലെ ഏറ്റവും അവസാനത്തെ ജനാലയോട് ചേര്‍ന്നുള്ള സീറ്റിലായിരുന്നു ധോണി സ്ഥിരമായി ഇരിക്കാറെന്ന് ഓര്‍ത്ത ചാഹല്‍ ഇപ്പോഴും അവിടെ ആരും ഇരിക്കാറില്ലെന്നും വെളിപ്പെടുത്തുന്നു.
“ചഹല്‍ ടി.വിയില്‍ ഒരിക്കല്‍ പോലും വരാത്ത ഒരു കളിക്കാരനുണ്ട്. അദ്ദേഹം ധോണിയാണ്. പലതവണ ചഹല്‍ ടിവിയില്‍ തന്നെ കൂടി ഉള്‍പ്പെടുത്തണമെന്ന് ധോണി പറയുക പോലും ചെയ്തു. അപ്പോള്‍ പോലും പിന്നെയാവട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആരും ഈ സീറ്റില്‍ ഇരിക്കാറില്ല. ഞങ്ങള്‍ ധോണിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്” ചഹല്‍ പറഞ്ഞു.
ധോണി എന്ന് തിരിച്ചുവരും എന്ന് തിരിച്ചുവരും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ധോണി ഐ.പി.എല്ലില്‍ കളിക്കുമെന്ന കാര്യം ഉറപ്പാണ്. ഐ.പി.എല്ലിലെ ധോണിയുടെ പ്രകടനത്തിനനുസരിച്ചിരിക്കും ടി20 ലോക കപ്പില്‍ അദ്ദേഹം കളിക്കുമോ എന്നതെന്ന് ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.