ഐപിഎൽ 2026 ന് മുന്നേ നിലവിലെ കിരീട ജേതാക്കളായ ആർസിബിക്ക് വലിയ തിരിച്ചടി. ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച്, ജൂൺ 4 ന് ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ, എം.ചിന്നസ്വാമി സ്റ്റേഡിയം പ്രധാന പരിപാടികളോ ഉയർന്ന തലത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളോ നടത്താൻ യോഗ്യമല്ലെന്ന് പ്രഖ്യാപിച്ചു.
തൽഫലമായി, വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ആർസിബിക്ക് സ്വന്തം മൈതാനത്ത് കളിക്കാൻ കഴിയില്ല. ഇതിനർത്ഥം ഐപിഎൽ 2026 ന് ആർസിബിക്ക് ഒരു പുതിയ ഹോം ഗ്രൗണ്ട് നൽകുമെന്നും സ്വന്തം കാണികളുടെ നിർണായക പിന്തുണയില്ലാതെ ടീമിന് കളിക്കേണ്ടിവരുമെന്നുമാണ്.
ഐപിഎൽ കിരീടാഘോഷത്തിനിടെയിലെ അപകടവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ആർസിബിക്കും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.