ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഉയർത്തിക്കൊണ്ടാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മുന്‍ ബിസിസിഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റെ വാക്കുകള്‍. 2014വരെ ബിസിസിഐ പ്രസിഡന്‍റായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഉടമ കൂടിയായ ശ്രീനിവാസന്‍ ഇന്ത്യയില്‍ വനിതകള്‍ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുല്‍ജിയാണ് 2017ൽ വെളിപ്പെടുത്തിയത്.
ഡയാന എഡുല്‍ജി പറയുന്നത് ഇങ്ങനെ:
” എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേരിട്ട് അഭിനന്ദിക്കാനായി കണ്ടപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തന്‍റെ നിഷേധാത്മക നിലപാട് ശ്രീനിവാസൻ തുറന്നു പറഞ്ഞത്. എനിക്ക് എന്‍റെ വഴി തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ലെന്നും കാരണം ശ്രീനിവാസന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണ്”
“ബിസിസിഐ എന്നത് എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്. അവര്‍ ഒരിക്കലും വനിതകള്‍ ക്രിക്കറ്റില്‍ കരുത്തറിയിക്കുന്നത് ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ കളിക്കുന്ന കാലം മുതല്‍ തുറന്നടിച്ചിട്ടുണ്ട്” ഡയാന എഡുല്‍ജി പറഞ്ഞു.