ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതുവരെ ഇരു ടീമുകളും തമ്മിലുള്ള മത്സരം തുടരുമെന്ന് മുൻ വിക്കറ്റ് കീപ്പർ റാഷിദ് ലത്തീഫ്. ഇരു ടീമുകളും തമ്മിലുള്ള വൈരത്തെ കുറിച്ചുള്ള ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് റാഷിദ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്.
‘മത്സരം ഉണ്ടാകും. യുദ്ധം ഉള്ളിടത്തോളം, ക്രിക്കറ്റിൽ വൈരത്വം ഉണ്ടാകും. അത് അവസാനിക്കില്ല. പക്ഷേ, അതിൽ ഇന്ത്യ വിജയിച്ചുകൊണ്ടേയിരിക്കും. അതൊരു പ്രശ്‌നമല്ല. പക്ഷേ വൈരാഗ്യം എപ്പോഴും ഉണ്ടാകും. അത് തുടരുക തന്നെ ചെയ്യും’ റാഷിദ് ലത്തീഫ് പറഞ്ഞു.
‘വലിയ ടൂർണമെന്റിൽ ഫൈനൽ എന്ന ഭാരം ഇന്ത്യയ്ക്ക് മേലായിരിക്കുമെന്ന് പറഞ്ഞ റാഷിദ് ലത്തീഫ് പാകിസ്ഥാന് നഷ്‌ടപ്പെടാൻ ഒന്നുമില്ലെന്നും പറഞ്ഞു. ‘ഇന്ത്യയ്ക്കായിരിക്കും നിലവിൽ സമ്മർദ്ദം അധികം. ഇന്ത്യയ്ക്ക് നഷ്‌ടപ്പെടാൻ ഒത്തിരിയുണ്ട്. പാകിസ്ഥാന് നഷ്‌ടപ്പെടാൻ ഒന്നുമില്ല, അവർ ഇതിനകം തന്നെ ദുർബലരാണ്.’
‘പാകിസ്ഥാൻ ഇവിടെ വിജയിച്ചാൽ, അത് ബിസിസിഐക്കും ഈ ടൂർണമെന്റിനെക്കുറിച്ച് വളരെ വാചാലരായ ചില കളിക്കാർക്കും വളരെ ബുദ്ധിമുട്ടായിരിക്കും, അത് ക്യാപ്റ്റന്റെ പ്രസ്‌താവനയായാലും ബോർഡിന്റെ നിലപാടായാലും ഗില്ലിന്റെ ട്വീറ്റായാലും,’ റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.