പാകിസ്ഥാൻ മികച്ച ക്രിക്കറ്റ് കളിക്കണമെങ്കിൽ ടി20യിൽ നിന്ന് പുറത്താക്കപ്പെട്ട മുൻനിര ബാറ്റർമാരായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ടീമിൽ വേണമായിരുന്നുവെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇതുവരെ ഇന്ത്യ രണ്ടുതവണ പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഫൈനലിലും അത് തന്നെ നടക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു.
‘ഇങ്ങനെയാണ് ഇവർ കളിക്കാൻ ഉദ്ദേശിച്ചതെങ്കിൽ, ബാബർ-റിസ്വാൻ എന്നിവരും ടീമിൽ ഉണ്ടാകേണ്ടതായിരുന്നു. അവർ ഉള്ളപ്പോൾ അവരെ നിസാരമായി കാണുന്നു, ഇതാണ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ പ്രശ്‌നം.’ നസീം ഷായെയും ടീമിൽ മിസ് ചെയ്യുന്നു എന്ന് അഫ്രീദി പറഞ്ഞു.
‘നസീമിനെ ഞാൻ ഒരുപാട് മിസ് ചെയ്‌തു. ഷഹീനും അദ്ദേഹവും ഒരു മികച്ച ജോഡി ആയിരുന്നെങ്കിൽ എന്ന് ഞാൻ കരുതുന്നു. ടീം കളിക്കുന്ന രീതി വെച്ചു നോക്കുമ്പോൾ കാര്യങ്ങൾ അത്ര മികച്ചതല്ല. ശ്രീലങ്കയെയും ഒമാനെയും തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയും, പക്ഷേ ഇന്ത്യയ്‌ക്കെതിരായ ഫൈനലിൽ, മൂന്ന് മേഖലകളിലും നിങ്ങൾ മികച്ച പ്രകടനം കാഴ്‌ച വയ്ക്കണം’ അഫ്രീദി മുന്നറിയിപ്പ് നൽകി.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാന്റെ കാര്യം അങ്ങനെയല്ല. വിചാരിച്ചത് പോലെ ശോഭിക്കാൻ അവർ ഈ ടൂർണമെന്റിൽ സാധിച്ചിട്ടില്ല.