ഇപ്പോൾ നടക്കുന്ന വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 64 റൺസിന്റെ കൂറ്റൻ വിജയം. ബാറ്റിങ്ങില്‍ സ്മൃതി മന്ദനായും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 106 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് പാകിസ്താന്റെ മുനയൊടിച്ചത്. ശ്രീ ചരണി മൂന്നും ഷഫാലി വര്‍മ ഒരുവിക്കറ്റും വീഴ്ത്തി. പാകിസ്താനുവേണ്ടി മുനീബ അലി 41 റണ്‍സെടുത്തു.
എന്നാൽ വനിതാ ടി20 ലോകകപ്പിലും ഹസ്തദാന വിഷയത്തിൽ നയം തുടർന്നിരിക്കുകയാണ് ഇന്ത്യ. ടോസ് സമയത്ത് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൈ കൊടുത്തില്ല. ടോസ് നേടിയ ശേഷം ഹര്‍മന്‍പ്രീത്, സനയെ അവഗണിച്ച് നേരെ സംസാരിക്കാന്‍ പോവുകയായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞയുടന്‍ താരം മൈതാനത്തുനിന്ന് മടങ്ങുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ ഈ നയം ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത് 2025 പുരുഷ ഏഷ്യാ കപ്പ് സമയത്തായിരുന്നു. അതിനുശേഷം റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്, അണ്ടര്‍-19 ഏഷ്യാ കപ്പ്, അണ്ടര്‍-19 ലോകകപ്പ് എന്നിവയുള്‍പ്പെടെ വിവിധ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമുകള്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് കൈ കൊടുക്കുന്നത് ഒഴിവാക്കിയിരുന്നു.