വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ സംഭവിച്ചത്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
പല കെട്ടിടങ്ങളുടെയും ചുവരുകൾ ഇടിഞ്ഞുവീഴുകയും തകരുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ അടിയന്തര രക്ഷാപ്രവർത്തകർക്ക് വഴിമാറിക്കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.