ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ പരാജയപ്പെടുത്താന്‍ ആറ് വഴികള്‍ മുന്നിലുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തോല്‍ക്കണമെന്ന് ജോണ്‍സണ്‍ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക് റട്ട് എന്നിവരുമായി തിങ്കളാഴ്ച ജോണ്‍സണ്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തും. ഉക്രൈനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒത്തൊരുമിച്ച് എങ്ങനെ പ്രചാരണം നടത്താമെന്ന് ചര്‍ച്ചചെയ്യും.
മനുഷ്യാവകാശ സംരക്ഷത്തിനായുള്ള സഹകരണം, ഉക്രൈന്റെ സ്വയംപ്രതിരോധത്തിനുള്ള പിന്തുണ, റഷ്യന്‍ ഭരണകൂടത്തിനെതിരെ സാമ്പത്തികമേഖലയില്‍ പുതിയ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയാണ് യുകെ മുന്നോട്ടു വെക്കുന്ന നീക്കങ്ങള്‍. കൂടാതെ റഷ്യ ചെയ്യുന്നത് ശരിയാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ഒഴിവാക്കാനുള്ള നയതന്ത്രനീക്കങ്ങളും യുകെ നടത്തും. കൂടാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും.
അതേസമയം, ഉക്രൈനെതിരായ ആക്രമണം അവസാനിപ്പിക്കാനായി നടത്തുന്ന നയതന്ത്ര ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. റഷ്യ പിടിമുറുക്കിയ മേഖലകളില്‍ നിന്ന് ലക്ഷക്കണക്കിന് ഉക്രൈന്‍കാരാണ് പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്.