ഇറാനെതിരെ വീണ്ടും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണ പാടങ്ങളും വൈദ്യുത നിലയങ്ങളും അടക്കം നശിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍, ഹോര്‍മൂസ് അടച്ചിടാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ യുഎസ് അവരുടെ എണ്ണ പാടങ്ങള്‍, വൈദ്യുതി ഉത്പാദന നിലയങ്ങള്‍, ഖാര്‍ഗ് ദ്വീപ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ആക്രമിക്കുമെന്നാണ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്.
കൂടാതെ ഇറാനിലേക്ക് കുടിവെള്ളം ശുദ്ധീകരിച്ചെത്തുന്ന ഇടങ്ങളും ആക്രമിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇത്തരം ആക്രമണങ്ങള്‍ ഇറാനുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മരണത്തിനുള്ള പകരംവീട്ടലായിരിക്കുമെന്നും ട്രംപ് വിശദീകരിക്കുന്നുണ്ട്.
കഴിഞ്ഞാഴ്ചയാണ് ഇറാന്റെ ഊര്‍ജ നിലയങ്ങളെ യുഎസ് ആക്രമിക്കുന്നത് ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ട്രംപ് പറയുമ്പോഴും അധിക സൈനികരെ പ്രദേശത്ത് അമേരിക്ക വിന്യസിക്കുന്നുണ്ട്.