യൂറോപ്പ് സന്ദർശനത്തിനിടെ നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാത്തതിന് പിന്നാലെ വിവാദം ഉടലെടുക്കുന്നു. ഓസ്‌ലോയിൽ നോർവേയുടെ പ്രധാനമന്ത്രിക്കൊപ്പം മോദി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയായ ഹെല്ല ലിങ്ങിന്റെ ചോദ്യം അവഗണിച്ചു മോദി നടന്നകന്നത്.
ഇതിന്റെ വിഡിയോ അവർ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്തതോടെ വിവാദമായി. മോദി കയറിയ ലിഫ്റ്റിനു സമീപവും ചോദ്യവുമായി ഹെല്ല എത്തിയെങ്കിലും സുരക്ഷാഉദ്യോഗസ്ഥർ തടയുകയായിരുന്നു. പിന്നാലെ വിശദീകരണവുമായി നോർവേയിലെ ഇന്ത്യൻ എംബസി രംഗത്തെത്തി. വാർത്താസമ്മേളനത്തിൽ മലയാളിയായ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്‌റ്റ്) സിബി ജോർജ് ഹെല്ലയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി എന്നായിരുന്നു വിശദീകരണം.
‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാൻ താങ്കൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല?’ എന്നായിരുന്നു ഹെല്ലയുടെ ചോദ്യം. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുമെന്നു ഉറപ്പുനൽകാൻ കഴിയുമോയെന്നും ഭാവിയിൽ ഇന്ത്യയിൽ മാധ്യമങ്ങളിൽ നിന്നുള്ള വിമർശനാത്മകമായ ചോദ്യങ്ങൾ നേരിടാൻ പ്രധാനമന്ത്രി തയാറാകുമോയെന്നും ഹെല്ല ചോദിച്ചു. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് ഹെല്ല ഓർമ്മിപ്പിച്ചു.