ഗാസ സിറ്റിയിലെ താമസക്കാരോട് ഉടന്‍ ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഇസ്രയേല്‍ സേന ഗാസ സിറ്റിയിലെ റസിഡന്‍ഷ്യല്‍ ടവറിന് നേര്‍ക്ക് ബോംബാക്രമണം നടത്തി. നഗരകേന്ദ്രം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയാണ് ഇസ്രയേലിന്റെ സ്ഥലത്ത് നിന്നും ഒഴിയാനുള്ള ആവശ്യം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കിയ സന്ദേശത്തിലാണ് പറഞ്ഞിരുന്നത്.
മാനുഷിക മേഖലയില്‍ ഭക്ഷണം, മരുന്ന്, ടെന്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫീല്‍ഡ് ആശുപത്രികള്‍, ജല പൈപ്പ്ലൈനുകള്‍ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഒഴിയാന്‍ ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശത്തിന് പിന്നാലെ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതായി അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച 21 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഇസ്രയേലിന്റെ ഗാസ സിറ്റി ഒഴിയാനുള്ള പ്രസ്താവനയിലുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസ സിറ്റിയിലും പരിസരത്തുമായി പത്തു ലക്ഷത്തോളം ആളുകളുണ്ട്. പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഗാസ നഗരത്തിന്റെ നാശോന്മുഖ അവസ്ഥയുംം ഈജിപ്തുമായുള്ള ഇസ്രായേലിന്റെ വാക്കുതര്‍ക്കവുമെല്ലാം, കഴിയുന്നത്ര കുറച്ച് പലസ്തീമികളെ മാത്രം നിലനിര്‍ത്തി ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനകളാണെന്ന് പ്രാദേശികമായി വിഷയത്തെ അപഗ്രഥിക്കുന്ന ലൂസിയാനോ സക്കാര പറയുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനുമേല്‍ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദമുണ്ട്. ഹമാസ് ഓഗസ്റ്റില്‍ ഒരു വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് സമ്മതിച്ചിരുന്നു. താത്കാലിക വെടിനിര്‍ത്തലും ഗാസയില്‍ ബന്ദികളാക്കിയവരെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നതും ധാരണയായിരുന്നു. എന്നാല്‍, എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്നും ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നതുമാണ് ഇസ്രയേലിന്റെ ആവശ്യം. ഗാസയുടെ നിയന്ത്രണം വിട്ടുകൊടുക്കുക എന്ന വ്യവസ്ഥയും ഇസ്രേയല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഹാമസ് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേര്‍ക്ക് മാത്രമാണെന്നാണ് ഇസ്രയേലിന്റെ വാദം. സമീപകാല ആക്രമണങ്ങളില്‍ തകര്‍ന്നുവീണ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന ഇസ്രായേലിന്റെ അവകാശവാദം ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് നിരാകരിച്ചു. ”ഇസ്രായേല്‍ അധിനിവേശം തങ്ങളുടെ കിരാതമായ ആക്രമണത്തെ ന്യായീകരിക്കാന്‍ പ്രചരിപ്പിച്ച നുണകളും ആരോപണങ്ങളും ഞങ്ങള്‍ പൂര്‍ണ്ണമായും വിശദമായും നിഷേധിക്കുന്നു, എന്നാണ്് ഒരു പ്രസ്താവനയില്‍ ഗാസ ഗവണ്‍മെന്റ് പറഞ്ഞത്. ഈ ടവറുകളിലെ താമസക്കാരുടെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍, അവര്‍ നിരീക്ഷണത്തിലാണെന്നും സാധാരണക്കാര്‍ക്ക് മാത്രമേ അവയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്നും ഞങ്ങള്‍ അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നുവെന്നും ഗാസ ഗവണ്‍മെന്റ് വിശദീകരിച്ചു. ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ ”സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുന്നതിന് അധിനിവേശം ഉപയോഗിക്കുന്ന വ്യവസ്ഥാപിത വഞ്ചനാ നയത്തിന്റെ ഭാഗമാണ്” എന്നും അവര്‍ വിമര്‍ശിച്ചു. ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങളും ഒഴിയാനുള്ള മുന്നറിയിപ്പും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ”നിര്‍ബന്ധിത നീക്കംചെയ്യലാണെന്നും ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.