അതിർത്തിയ്‌ക്കപ്പുറം അഫ്ഗാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ മന്ത്രി ഖ്വാജ ആസിഫ്. താലിബാൻ സർക്കാരിന്റെ സമീപകാല തീരുമാനങ്ങൾ പാകിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും താലിബാന്റെ തീരുമാനങ്ങളിൽ ഇപ്പോൾ ഇന്ത്യയുടെ സ്വാധീനം വ്യക്തമായി കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാൻ അതിർത്തി പോസ്റ്റുകളിൽ തീവ്രവാദികൾ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ താലിബാൻ സർക്കാർ യാതൊരു കൃത്യമായ നടപടിയും സ്വീകരിച്ചിട്ടില്ല.
നയതന്ത്ര മാർഗങ്ങളിലൂടെ അഫ്ഗാനിസ്ഥാനുമായി ഇടപഴകാൻ ആവർത്തിച്ച് ശ്രമിച്ചിട്ടുണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് താലിബാൻ ഇപ്പോൾ പ്രവർത്തിക്കുന്നത് . താലിബാൻ പാകിസ്ഥാനെതിരെ ഒരു നിഴൽ യുദ്ധം നടത്തുകയാണിപ്പോൾ,‘ എന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ശാശ്വത പരിഹാരത്തിന് ട്രംപ് ഇടപെടണമെന്നാവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സാധാരണ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ യുദ്ധമുണ്ടാക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്ന ഒരേയൊരു പ്രസിഡന്‍റായി ട്രംപ് മാറിയെന്നും ഇത്ര സമാധാന പ്രിയനായ മറ്റൊരു യുഎസ് പ്രസിഡന്‍റുണ്ടായിട്ടില്ലെന്നും ഖ്വാജ ആസിഫ് പറയുന്നു. അതുകൊണ്ടുതന്നെ പാക്–അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.