സ്ത്രീകളെ ഉപദ്രവിക്കുന്നതും അടിമയാക്കുന്നതുമടക്കം ഗാര്‍ഹികപീഡനം നിയമാനുസൃതമാക്കാനുള്ള നീക്കവുമായി താലിബാന്‍. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി അനുവദിക്കാനാണ് താലിബാന്‍ ഭീകരരുടെ നീക്കം. എല്ലുകള്‍ ഒടിയുകയോ തുറന്ന മുറിപ്പാടുകള്‍ ഉണ്ടാകുകയോ ഇല്ലാത്തപക്ഷം സ്ത്രീകളുടെ പീഡനപരാതി നിലനില്‍ക്കില്ല. ഇനി പരാതിയുണ്ടെങ്കില്‍ സ്ത്രീകള്‍ അത് തെളിയിക്കണം, തെളിയിക്കാനായി കോടതിയിലെത്തണമെങ്കില്‍ ഉപദ്രവിച്ച ഭര്‍ത്താവോ അല്ലെങ്കില്‍ സംരക്ഷകനായ പുരുഷനോ കൂടെ ഉണ്ടാവണം.
ബലപ്രയോഗം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രത്യക്ഷമായ അസ്ഥിഭംഗമോ മുറിവുകളോ വരുത്തിയാല്‍ ഭര്‍ത്താവിന് 15 ദിവസത്തെ ജയില്‍ശിക്ഷ മാത്രമേ ലഭിക്കൂ. കൂടാതെ, കോടതിയില്‍ ഇക്കാര്യം തെളിയിക്കാന്‍ സ്ത്രീക്ക് സാധിച്ചാല്‍ മാത്രമേ പുരുഷന്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. ശരീരം പൂര്‍ണമായി മറച്ച് മുറിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കണം എന്നാണ് താലിബാന്റെ നിയമ വ്യവസ്ഥ. പരാതിക്കാരിയുടെ ഭര്‍ത്താവോ പുരുഷനായ ഒരു സംരക്ഷകനോ പരാതിക്കാരിയോടൊപ്പം കോടതിയില്‍ ഉണ്ടാകണം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന സ്ത്രീയ്ക്ക് മൂന്നുമാസം വരെ ജയില്‍ശിക്ഷ ലഭിക്കാമെന്നിരിക്കെയാണ് അടിച്ച് എല്ലൊടിച്ചാല്‍ ഭര്‍ത്താവിന് 15 ദിവസത്തെ ശിക്ഷ മാത്രമെന്ന ക്രിമിനല്‍ നിയമം.
പുതിയ ക്രിമിനല്‍ നിയമം താലിബാന്‍ അവതരിപ്പിച്ചത് ജാതി വ്യവസ്ഥയും അടിമ ഉടമ സമ്പ്രദായവും ഊട്ടി ഉറപ്പിച്ചാണ്. ശിക്ഷ പോലും സവര്‍ണ- അവര്‍ണ രീതിയില്‍ വ്യത്യാസമുണ്ടാകും. അതായത് ഒരേ കുറ്റത്തിന് പണ്ഠിതന്മാര്‍ക്കും സമ്പന്നര്‍ക്കും കിട്ടുന്ന ശിക്ഷയല്ല പാവപ്പെട്ടവര്‍ക്ക് കിട്ടുക. താലിബാന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സദ ഒപ്പിട്ട പുതിയ നിയമപ്രകാരം കുറ്റവാളി സ്വതന്ത്രനാണോ അതോ അടിമയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള ശിക്ഷകള്‍ അനുവദിക്കുന്ന ജാതിവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നിയമത്തിന്റെ 9-ാം അനുച്ഛേദം അഫ്ഗാന്‍ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- മതപണ്ഡിതന്മാര്‍ (ഉലമ), ഉന്നതര്‍ (അഷ്റഫ്), ഇടത്തരം വര്‍ഗം, താഴ്ന്ന വര്‍ഗം. ഒരേ കുറ്റത്തിനുള്ള ശിക്ഷ കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ അനുസരിച്ചല്ല മറിച്ച് പ്രതിയുടെ സാമൂഹികനില അനുസരിച്ചാണ് തീരുമാനിക്കുന്നത്.
ഒരു ഇസ്ലാമിക മതപണ്ഡിതന്‍ കുറ്റം ചെയ്താല്‍ ഉപദേശം മാത്രമായിരിക്കും ശിക്ഷ. കുറ്റവാളി ഉന്നത വിഭാഗത്തില്‍ പെട്ടയാളാണെങ്കില്‍ കോടതിയിലേക്ക് സമന്‍സ് അയക്കുകയും ഉപദേശം നല്‍കുകയും ചെയ്യും. ഇടത്തരം വര്‍ഗക്കാര്‍ക്ക്, ഇതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കുന്നു. എന്നാല്‍ താഴ്ന്ന വര്‍ഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് തടവുശിക്ഷയും ശാരീരികശിക്ഷയും ലഭിക്കും. ഗുരുതരമായ കുറ്റങ്ങള്‍ക്ക് ശാരീരികശിക്ഷ നല്‍കുന്നത് ഇസ്ലാമിക പുരോഹിതരായിരിക്കും.
90 പേജുള്ള പുതിയ ക്രിമിനല്‍നിയമം സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള 2009ലെ നിയമവും റദ്ദാക്കിയിട്ടുണ്ട്. യുഎസ് പിന്തുണയുള്ള അഫ്ഗാനിസ്ഥാനിലെ മുന്‍ ഭരണകൂടം അവതരിപ്പിച്ച നിയമമാണ് താലിബാന്‍ റദ്ദാക്കിയത്. യുഎസ് പിന്തുണയുള്ള ഗവണ്‍മെന്റിന്റെ കീഴില്‍ അവതരിപ്പിച്ച 2009-ലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കല്‍ (EVAW) നിയമം പുതിയ ശിക്ഷാ നിയമം റദ്ദാക്കി. നിര്‍ബന്ധിത വിവാഹം, ഗാര്‍ഹിക പീഡനം എന്നിവയുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ വിവിധ തരത്തിലുള്ള അക്രമങ്ങളെ EVAW നിയമം കുറ്റകരമാക്കിയിരുന്നു. ഇത് നീക്കം ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കുള്ള നിയമപരമായ സംരക്ഷണം ഇല്ലായ്മ ഊട്ടി ഉറപ്പിക്കുകയാണ്.
പുതിയ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ ഒരു കുറ്റമാണെന്ന് നിയമം അനുശാസിക്കുന്നതായി കൂടി താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്റെ പുതിയ ക്രിമിനല്‍ നിയമം നടപ്പിലാക്കുന്നത് ഉടനടി നിര്‍ത്തലാക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ട് മനുഷ്യവകാശസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.