സ്വീഡന്റെ ഓള്‍ട്ടര്‍നേറ്റീവ് നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് ഗ്രേറ്റ തുന്‍ബെര്‍ഗിന്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഗ്രേറ്റ നടത്തിയ ഇടപെലുകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റൈറ്റ് ലൈവ്‌ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നില്ലേയെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് അവള്‍ ചോദിച്ചു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി.
കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി. വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.
എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുമ്പില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.