ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ശക്തമായ പ്രത്യാക്രമണമെന്ന് വ്യക്തമാക്കിയ ഇറാന്റെ മിസൈലാക്രമണത്തില്‍ ഞെട്ടി ടെല്‍ അവീവ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെയും മറികടന്നാണ് ഇറാന്‍ തിരിച്ചടിച്ചടിച്ചതെന്നത് ഇസ്രയേലിനേയും ഞെട്ടിച്ചു.ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങള്‍ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും. എന്നാല്‍ ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ആരംഭിച്ച ആക്രമണം തടയുന്നതില്‍ ഇസ്രായേലിന്റെ ലോകമെമ്പാടും വാഴ്ത്തിപ്പാടുന്ന അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇറാന്റെ നതാന്‍സിലുള്ള ആണവ കേന്ദ്രം ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണിന് പിന്നാലെ, ഇസ്രായേലിന്റെ ഏറ്റവും കനത്ത സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങളിലൊന്നായ ടെല്‍ അവീവിലെ കിരിയ കോമ്പൗണ്ട് ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി വൈകിയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ഇസ്രായേലിന്റെ ‘പെന്റഗണ്‍’ എന്നറിയപ്പെടുന്ന കിരിയയില്‍, ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ജനറല്‍ സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം, നിര്‍ണായക സൈനിക കമാന്‍ഡ്, ഇന്റലിജന്‍സ് യൂണിറ്റുകള്‍ എന്നിവയുണ്ട്. ഇവ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്.
നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് ത്രീ എന്ന പേരിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നത്. ടെല്‍ അവീവില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു.