ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ യുഎസിലെ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വര്‍ധനവില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കും. വൈറ്റ് ഹൗസില്‍ നിന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്ക് ഇളവ് കിട്ടിയേക്കുമെന്ന സൂചന പുറത്തുവന്നത്. വൈറ്റ്ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ ഉള്‍നാടന്‍ മേഖലയിലെ ഡോക്ടര്‍ ക്ഷാമത്തെ കുറിച്ച് ആരോഗ്യമേഖലയിലെ ഉന്നത ഘടകങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടിയെന്നാണ് സൂചന.
മതിയായ സേവനത്തിനുള്ള വിദഗ്ധര്‍ ഇല്ലെന്ന് മെഡിക്കല്‍ ബോഡികള്‍ ചൂണ്ടിക്കാണിച്ചതോടെ എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവില്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ റെസിഡന്റുമാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് ടെയ്ലര്‍ ്റോജേഴ്സ് പ്രതികരിച്ചു. ചില തൊഴിലാളികളെ വ്യക്തിഗത അടിസ്ഥാനത്തില്‍ നിയമിക്കുന്നത്, അല്ലെങ്കില്‍ ഒരു പ്രത്യേക കമ്പനിയിലോ വ്യവസായത്തിലോ ജോലി ചെയ്യുന്നത് ‘ദേശീയ താല്‍പ്പര്യത്തിന്’ വേണ്ടിയാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി നിര്‍ണ്ണയിക്കുകയാണെങ്കില്‍ കനത്ത അപേക്ഷാ ഫീസ് ഒഴിവാക്കാമെന്ന് കഴിഞ്ഞ ആഴ്ചത്തെ ഉത്തരവില്‍ ഉണ്ടെന്നാണ് പറയുന്നത്.
എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് യുഎസ് തീരുമാനം. വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ അതായത് 1.49 ലക്ഷം-4.4 ലക്ഷം രൂപവരെ മാത്രമായിരുന്നു ചെലവ്. എന്നാല്‍ ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണെന്നിരിക്കെ ഇന്ത്യയിലെ ടെക്കികള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. 2024-ല്‍ 71 ശതമാനം ഇന്ത്യക്കാരാണ് എച്ച് 1 ബി വിസ ഉപയോഗിച്ചത്. രണ്ടാമതുള്ള ചൈനക്കാര്‍ 11.7% മാത്രമാണ് വിസ ആനുകൂല്യം നേടിയത്.