ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെയാണ് സെലൻസ്‌കി പിന്തുണച്ചത്. റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണെന്നായിരുന്നു സൈലൻസ്കിയുടെ പ്രതികരണം.
യുഎസ് മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സെലൻസ്‌കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലൻസികിയുടെ പ്രതികരണം. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രതികരണം.
റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതിനാലാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് അധിക തീരുവ ചുമത്തിയത്. അതേസമയം, റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം സൈലൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുക്രെയ്‌ൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചിരുന്നു.