ബംഗ്ലദേശിലെ ധാക്കയിലുണ്ടായ ഭൂചലനത്തില്‍ പത്ത് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.38 ഓടെയാണ് ധാക്കയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്. വ്യാവസായിക നഗരമായ ഗാസിപുറില്‍ മാത്രം നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ നാലുപേര്‍ ധാക്ക സ്വദേശികളാണ്. അഞ്ച് പേര്‍ നാര്‍സിന്‍ഗ്ഡിയിലും ഒരാള്‍ നാരായണ്‍ഗഞ്ചിലുമാണ് മരിച്ചത്. കെട്ടിടങ്ങള്‍ തകരുന്നത് കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചതിനിടെയാണ് 10 പേര്‍ക്ക് ഗുരുതര പരുക്കേറ്റത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
ഭൂചലനത്തിന്റെ പ്രകമ്പനം വടക്കുകിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും, കൊല്‍ക്കത്തയിലും ശക്തമായി അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10:10 ഓടെയാണ് കൊല്‍ക്കത്തയില്‍ ആളുകള്‍ക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇത് ഏതാനും നിമിഷങ്ങള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ.