രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് മാത്രം 20 ചെലവായത് ലക്ഷം രൂപയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച രേഖ പുറത്ത് വന്നു. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് തുക ചെലവഴിച്ചത്. അതേസമയം നിർമാണത്തിലെ അപാകത മൂലം ഹെലികോപ്റ്റർ ഹെലിപ്പാഡിൽ താഴ്‌ന്നത് അന്ന് വിവാദമായിരുന്നു.
ഈ വർഷം ഒക്ടോബർ 21നായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രമാഡത്ത് ഹെലിപ്പാഡ് നിർമിച്ചത്. കാലാവസ്ഥ മോശമായതിനാൽ നിലക്കലിൽ ലാൻഡിങ് സാധ്യമാവാതെ വന്നതോടെയാണ് അതിവേഗം പ്രമാടത്ത് മൂന്നു ഹെലിപ്പാഡുകൾ നിർമിച്ചത്. എന്നാൽ ലാൻഡ് ചെയ്‌ത ഹെലികോപ്റ്ററിൻ്റെ ചക്രങ്ങൾ ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നതോടെ വലിയ വിവാദമായി.
താഴ്ന്ന് ഹെലിക്കോപ്റ്റർ പിന്നീട് സുരക്ഷാ ജീവനക്കാർ തള്ളി നീക്കേണ്ടിയും വന്നു. കോൺക്രീറ്റ് സെറ്റാവാഞ്ഞതായിരുന്നു ഹെലികോപ്റ്റർ താഴാൻ കാരണമെന്നായിരുന്നു വാദം. സംഭവത്തിൽ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ അടക്കം രംഗത്തെത്തിയിരുന്നു. ട്രോളുകളും സജീവമായിരുന്നു. ഈ ഹെലിപ്പാഡ് നിർമിക്കാനാണ് പൊതു ഖജനാവിൽ നിന്ന് 20 ലക്ഷം രൂപ ചെലവിട്ടത്. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് പൊതുമരാമത്ത് വകുപ്പ് തുക നൽകിയതെന്നാണ് പുറത്ത് വന്ന രേഖയിൽ പറയുന്നത്.