'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

ബിഹാറില്‍ വോട്ടുകൊള്ള ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങിയതോടെ വാര്‍ത്ത സമ്മേളനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ ഒപ്പമാണെന്ന് കാണിച്ച് വൈകാരികത മുതലെടുക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ രാഷ്ട്രീയ യാത്ര തുടങ്ങിയതോടെ ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്ട്രീയ പാര്‍ട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടര്‍മാരോ ഭയപ്പെടുന്നില്ലെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.

കമ്മിഷന്റെ തോളില്‍ തോക്കു വച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ബിഹാറില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്‌ഐആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടെയും രാഹുല്‍ ഗാന്ധിയുടെ ‘വോട്ടുകൊള്ള’ ആരോപണത്തിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കൊപ്പമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ വ്യത്യാസമില്ലെന്നും വോട്ടര്‍മാര്‍ക്കൊപ്പമാണ് തങ്ങളെന്നും ആക്ഷേപങ്ങളില്‍ മറുപടി. ‘വോട്ടുകൊള്ള’ നടന്നെന്ന, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചു.

”കുറച്ചു ദിവസം മുന്‍പ് നിരവധി വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതു നമ്മള്‍ കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. അമ്മമാര്‍, മരുമക്കള്‍, പെണ്‍മക്കള്‍ എന്നിവരുള്‍പ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍, ഒരു കോടിയിലധികം ജീവനക്കാര്‍, 10 ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാര്‍, 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നില്‍, ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍, ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ?

ഫോട്ടോ പുറത്തുകാണിച്ചതും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വലിയ ചര്‍ച്ചയായതോടെയാണ് സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമോയെന്ന തരത്തില്‍ കമ്മീഷന്റെ സദാചാര പ്രഹസനം. തിരഞ്ഞെടുപ്പു കമ്മിഷന്റെ വാതിലുകള്‍ എല്ലാവര്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. താഴെത്തട്ടില്‍, എല്ലാ വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും ബൂത്ത് ലെവല്‍ ഓഫിസര്‍മാരും സുതാര്യമായ രീതിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവര്‍ നാമനിര്‍ദേശം ചെയ്ത ബിഎല്‍ഒമാരുടെയും സാക്ഷ്യപത്രങ്ങള്‍ സ്വന്തം പാര്‍ട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. അല്ലെങ്കില്‍ യാഥാര്‍ഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം പൂര്‍ണ വിജയമാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നില്‍ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വോട്ടര്‍മാരുടെയോ വിശ്വാസ്യതയെക്കുറിച്ച് ഒരു സംശയവുമുന്നയിക്കാനാവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

”ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും വോട്ടു ചെയ്യണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പു കമ്മിഷന് വിവേചനം കാണിക്കാന്‍ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും, തിരഞ്ഞെടുപ്പു കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍നിന്നു പിന്മാറില്ല.

വോട്ടര്‍ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കിയതെന്നും വിശദീകരണം. 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) ചേര്‍ന്നാണ് കരടു പട്ടിക തയാറാക്കിയത്. ഈ തയാറാക്കുമ്പോള്‍, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആകെ 28,370 അവകാശവാദങ്ങളും എതിര്‍പ്പുകളും വോട്ടര്‍മാര്‍ സമര്‍പ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചുവെന്നും എന്നാല്‍ തെളിവു ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളില്‍ ഉരുണ്ടുകളിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പു കമ്മിഷനോ മറ്റു വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും വോട്ടര്‍മാരെ കൂട്ടുപിടിച്ചു മുഖം രക്ഷിക്കാനുള്ള ശ്രമം വാര്‍ത്തസമ്മേളനത്തില്‍ തെളിഞ്ഞു നിന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ തോളില്‍ തോക്കു വച്ച് ഇന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യം വച്ചു രാഷ്ട്രീയം കളിച്ചാല്‍, വ്യക്തമായി പറയുന്നു, കമ്മിഷന്‍ വോട്ടര്‍മാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ദരിദ്രര്‍, ധനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങിയ വ്യത്യാസങ്ങളോ വിവേചനങ്ങളോ ഇല്ലാതെ, ഏതു മതത്തിലും വിഭാഗത്തിലും പെട്ട വോട്ടര്‍മാര്‍ക്കൊപ്പം കമ്മിഷന്‍ എന്നും നിലകൊള്ളുമെന്ന് വരെ ആരോപണങ്ങള്‍ വഴിതിരിച്ചുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷവും, 45 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയില്‍ പോയി തിരഞ്ഞെടുപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ആ കാലയളവിനുശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷം. അത് കേരളത്തിലായാലും കര്‍ണാടകയിലായാലും ബിഹാറിലായാലും. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കു ശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം രാജ്യത്തെ വോട്ടര്‍മാര്‍ മനസ്സിലാക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ