നാല്‍പത്തിയൊന്ന് പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിനുശേഷം തമിഴക വെട്രി കഴകം സ്ഥാപകനും സൂപ്പര്‍താരവുമായ വിജയ് ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്തു. കരൂര്‍ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാവുകയാണ് ടിവികെ പ്രസിഡന്റ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജില്‍ നടന്ന പൊതു സമ്പര്‍ക്ക പരിപാടിയിലാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ് പങ്കെടുത്തത്.
വിജയ് തന്റെ രാഷ്ട്രീയപര്യടനം ഞായറാഴ്ച പുനരാരംഭിച്ച വേദിയില്‍ പ്രവേശനം നിജപ്പെടുത്തിയിരുന്നു തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക് കടത്തി വിട്ടത്. 1,500 മുതല്‍ 2,000 പേര്‍ക്ക് വരെ ക്യുആര്‍ കോഡുള്ള പാസുകള്‍ നല്‍കിയാണ് അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. ആളുകള്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ തകരഷീറ്റുകള്‍ കൊണ്ടുള്ള ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
കര്‍ശനമായ സുരക്ഷയും ആള്‍ക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഒരുക്കിയ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നാട്ടുകാരും പങ്കെടുത്തു.
സദസ്സിനെ അഭിസംബോധന ചെയ്ത വിജയ് ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചു. ഡിഎംകെ കൊള്ള നടത്തുകയാണെന്നും നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും വിജയ് ആരോപിച്ചു. തനിക്കെതിരെ നിലപാടുകള്‍ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളും വിജയ് പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും വീട് നല്‍കുമെന്നും എല്ലാ വീട്ടിലും സ്ഥിരവരുമാനമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിജയ് പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. മറ്റ് അജന്‍ഡയില്ല. വിജയ് ചുമ്മാതെ ഒന്നും പറയാറില്ല. ഒരു കാര്യം പറഞ്ഞാല്‍ അതു ചെയ്യാതെ പോവുകയുമില്ല. ജനങ്ങള്‍ക്ക് അത് നല്ലതുപോലെ അറിയാം”
ഡിഎംകെയെപ്പോലെ നീറ്റ് പരീക്ഷ അവസാനിപ്പിക്കുന്നത് പോലുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ ടിവികെ നല്‍കാറില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ പോരാട്ടം സാമൂഹിക നീതിക്കുവേണ്ടിയാണെന്നു വ്യക്തമാക്കിയ വിജയ്, കര്‍ഷകരുടെ വിഷയങ്ങളും ഉയര്‍ത്തി. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ടിവികെ പൊതുപരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. കൂടാതെ, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ ബൗണ്‍സര്‍മാരെയും മറ്റ് ജീവനക്കാരെയും സ്ഥലത്തെ നിയന്ത്രണങ്ങള്‍ക്കായി ഏര്‍പ്പാടാക്കിയിരുന്നു. പങ്കെടുക്കുന്നവര്‍ക്കായി വാഹനങ്ങള്‍, കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കരൂരില്‍ സെപ്റ്റംബര്‍ 27ന് വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ വേഗത്തിലാക്കാന്‍ ടിവികെ ശ്രമിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് സേലത്ത് ഒരു മെഗാ റാലി നടത്താനുള്ള പാര്‍ട്ടിയുടെ അഭ്യര്‍ഥന കാര്‍ത്തിക ഉത്സവത്തിന്റെ തിരക്കു ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷിതമായ ബദല്‍ എന്ന നിലയില്‍ ഇന്‍ഡോര്‍ യോഗങ്ങള്‍ നടത്താന്‍ ടിവികെ തീരുമാനിച്ചത്.