നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും കരാർ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു. ചരിത്ര മുഹൂർത്തമെന്നാണ് കരാറിനെ യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം.
പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം.