മുംബൈയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യ വിരല്‍ കമ്പനി ജീവനക്കാരന്റേതെന്ന് ഡിഎന്‍എ ഫലം. ഐസ്‌ക്രീം നിര്‍മ്മാതാക്കളായ യെമ്മോയുടെ പൂനൈ ഫാക്ടറിയിലെ ജീവനക്കാരന്റേതാണ് വിരല്‍. സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടന്നത്.
യെമ്മോയുടെ പൂനൈ ഫാക്ടറി ജീവനക്കാരന്‍ ഓംകാര്‍ പോട്ടെയുടേതാണ് ഐസ്‌ക്രീമില്‍ കണ്ടെത്തിയ വിരല്‍. ഇത് സാധൂകരിക്കുന്ന പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. പൂനൈയില്‍ നിര്‍മ്മിച്ച ഐസ്‌ക്രീം ഈ മാസം 12ന് ആണ് മുംബൈയിലെ മലാഡില്‍ യുവ ഡോക്ടര്‍ ഓണ്‍ലൈനായി വാങ്ങിയത്.
ഒര്‍ലെം ബ്രെന്‍ഡര്‍ സെറാവോ എന്ന യുവ ഡോക്ടര്‍ക്കാണ് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ചത്. സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെയാണ് ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയത്. ഐസ്‌ക്രീമിനൊപ്പം പലചരക്ക് സാധനങ്ങളും ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം കഴിച്ചുതുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ നാവിലെന്തോ തടയുന്നതായി അനുഭവപ്പെട്ടു.
വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം ഡോക്ടര്‍ കഴിച്ചിരുന്നു. വിവരം ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഐസ്‌ക്രീമിന്റെ ശേഷിച്ച ഭാഗവും കൈ വിരലും പൊലീസില്‍ ഏല്‍പ്പിച്ചു. ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐസ്‌ക്രീം പായ്ക്ക് ചെയ്ത ദിവസം കമ്പനിയിലെ ഒരു ജീവനക്കാരന് വിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഫാക്ടറിയില്‍ ഐസ്‌ക്രീം നിര്‍മ്മിക്കുന്നതിനിടെയാണ് ജീവനക്കാരന്റെ വിരലിന് പരിക്കേറ്റത്. ഇതേ തുടര്‍ന്നാണ് സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്.
ഓംകാര്‍ പോട്ടെ ഐസ്‌ക്രീം നിര്‍മ്മിക്കുന്നതിനിടെ മെഷീനുള്ളില്‍ ഐസ്‌ക്രീം പെട്ടിയുടെ അടപ്പ് വീണുപോയിരുന്നു. ഇത് തിരികെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ വിരല്‍ മെഷീനില്‍ കുടുങ്ങി മുറിയുകയായിരുന്നു. തുടര്‍ന്ന് ഓംകാര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഐസ്‌ക്രീമില്‍ വിരല്‍ വീണത് തനിക്ക് അറിയില്ലെന്നായിരുന്നു ഓംകാര്‍ പൊലീസിനോട് പറഞ്ഞത്.