കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി ആളുകളെ കൊന്നുകുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ബെല്‍ത്തങ്കടി പൊലീസ് സ്റ്റേഷന് സമീപത്ത് പ്രത്യേക അന്വേഷണ സംഘത്തിനായി ഓഫീസ് തുറക്കും. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം അന്വേഷണ സംഘം പലതവണ യോഗം ചേര്‍ന്നിരുന്നതായാണ് വിവരം. 20 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും അന്വേഷണ സംഘത്തിനായി ആരംഭിക്കുന്ന ഓഫീസിലുണ്ട്.
കേസിന്റെ സ്വഭാവം കണക്കിലെടുത്ത് അതീവ രഹസ്യമായിട്ടായിരിക്കും പ്രത്യേകഅന്വേഷണസംഘത്തിന്റെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട യോഗങ്ങളെക്കുറിച്ചോ അന്വേഷണവിശദാംശങ്ങളോ മറ്റുനീക്കങ്ങളോ പുറത്തുപോകരുതെന്ന് എസ്‌ഐടി അംഗങ്ങള്‍ക്ക് കര്‍ശനനിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്.