സംയുക്ത സൈനിക ഓപ്പറേഷനായ സിന്ദൂര്‍ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചത്. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യന്‍ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം.
ഭീകരരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനായെന്നും പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് പ്രധാനമന്ത്രി വിശദീകരിച്ചു. നാളെ രാവിലെ 11 മണിക്ക് സര്‍വകക്ഷിയോഗം ചേരും.
രാജനാഥ് സിങ്ങും അമിത് ഷായും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. സേനാ ഉദ്യോഗസ്ഥന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ആഭ്യന്തരമന്ത്രി സംസാരിക്കും.
അതേസമയം മിസൈല്‍ ആക്രമണത്തില്‍ ഭീകര സംഘടനായ ജെയ്ഷെ- ഇ- മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ- ഇ- മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അസര്‍ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു, ‘ ഇസ് സുല്‍ം നെ സാരേ സബ്തയ് തോര്‍ ദിയേ ഹേ. അബ് കോയി റെഹം കി ഉമീദ് ന രഖേ’, അതായത് ‘ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്’. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതിന് പിന്നാലെയായിരുന്നു അസറിന്റെ പ്രതികരണം.
ബഹവല്‍പൂരിലെ ഒരു പ്രധാന കേന്ദ്രം ഉള്‍പ്പെടെ, പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലായി ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍. നിരോധിത ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ഭീകര ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഒളിത്താവളങ്ങളില്‍ അര്‍ദ്ധ രാത്രിയില്‍ ആക്രമണം നടത്തിയത്. ഒമ്പത് ലക്ഷ്യങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു.
നിരോധിത ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ബഹവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാ, തെഹ്റ കലാനിലെ സര്‍ജല്‍, കോട്ലിയിലെ മര്‍കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്ന ബിലാല്‍ ക്യാമ്പ് എന്നിവ കൃത്യമായി ലക്ഷ്യം വച്ചവയില്‍ ഉള്‍പ്പെടുന്നു. നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട മുര്‍ദിക്കെയിലെ മര്‍കസ് തായ്ബ, ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വായ് ക്യാമ്പ് എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍.