എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതിന് പിന്നാലെ വംശീയ അധിക്ഷേപവുമായി മഹാരാഷ്ട്ര എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാഡ്. കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതിന് പിന്നാലെ മുംബൈയെ നശിപ്പിക്കുന്നത് ദക്ഷിണേന്ത്യക്കാരാണെന്ന വിദ്വേഷ പരാമര്‍ശവുമായാണ് സഞ്ജയ് ഗെയ്ക്‌വാഡ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഹോട്ടല്‍ നടത്തിപ്പുകാരന്‍ ദക്ഷിണേന്ത്യകാരനാണെന്നും നല്ല ഭക്ഷണം നല്‍കാന്‍ അറിയില്ലെന്നും സഞ്ജയ് പറഞ്ഞു. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ ഉള്‍പ്പെടെ നടത്തുന്നത് ദക്ഷിണേന്ത്യക്കാരാണെന്നും എംഎല്‍എ ആരോപിച്ചു. അതേസമയം എംഎല്‍എയുടെ മര്‍ദ്ദനമേറ്റ കാന്റീന്‍ നടത്തിപ്പുകാരുടെ ലൈസന്‍സ് റദ്ദാക്കി.
മോശം ഭക്ഷണം നല്‍കിയെന്ന് ആരോപിച്ചാണ് മുംബൈയിലെ എംഎല്‍എ ഹോസ്റ്റല്‍ കാന്റീന്‍ നടത്തിപ്പുകാരനെ സഞ്ജയ് ആക്രമിച്ചത്. തോര്‍ത്തുമുണ്ട് ഉടുത്ത് വന്ന എംഎല്‍എയും സഹായികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ എംഎല്‍എയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ശിവസേന ഷിന്‍ഡെ വിഭാഗം നേതാവാണ് ബുല്‍ധാനയില്‍ നിന്നുള്ള സഞ്ജയ് ഗെയ്ക്‌വാഡ്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് സഞ്ജയ് വിവാദത്തിന്റെ ഭാഗമായിട്ടുണ്ട്.