ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ പറഞ്ഞു.
കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകർക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിൻ്റെ വിശ്വാസ്യതയെന്നും തരൂർ എക്‌സ് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും അനുകൂലിച്ച് കൊണ്ടുള്ള അഭിപ്രായപ്രകടനങ്ങൾക്ക് ഇടയിൽ രാഹുലിനെ പിന്തുണച്ചുള്ള തരൂരിന്റെ പുതിയ നിലപാട് ശ്രദ്ധേയമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുലിന്റെ വാർത്താസമ്മേളനത്തിന്റെ കോൺഗ്രസ് പങ്കുവെച്ച വീഡിയോപോസ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്‌ച മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ കണക്കുകൾ നിരത്തിയിരുന്നു.