"ഗുരുതര ഭീഷണി": വംശഹത്യ ആഹ്വാനം, 76 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതി

ഡൽഹിയിലും ഹരിദ്വാറിലും അടുത്തിടെ നടന്ന രണ്ട് മതപരമായ ചടങ്ങുകളിൽ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനങ്ങൾ നടന്ന സംഭവത്തിൽ സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എഴുപത്തിയാറ് അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തയച്ചു. വംശഹത്യക്ക് ആഹ്വാനം നൽകിയ ആളുകളുടെ പട്ടികയും കത്തിൽ നൽകിയിട്ടുണ്ട്. പൊലീസ് നടപടിയുടെ അഭാവത്തിൽ ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര ജുഡീഷ്യൽ ഇടപെടൽ ആവശ്യമാണ് എന്ന് അഭിഭാഷകർ കത്തിൽ പറഞ്ഞു.

“മേൽപ്പറഞ്ഞ സംഭവങ്ങളും അതേ സമയത്ത് നടത്തിയ പ്രസംഗങ്ങളും വെറും വിദ്വേഷ പ്രസംഗങ്ങളല്ല, മറിച്ച് ഒരു സമൂഹത്തെയാകെ കൊലപ്പെടുത്താനുള്ള തുറന്ന ആഹ്വാനത്തിന് തുല്യമാണ്.” ഹരിദ്വാറിലും ഡൽഹിയിലും നടന്ന മതസമ്മേളനങ്ങൾ ചൂണ്ടിക്കാട്ടി ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ, സൽമാൻ ഖുർഷിദ്, പട്‌ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ അഭിഭാഷകർ ഒപ്പിട്ട കത്തിൽ പറയുന്നു.

പ്രസംഗങ്ങൾ, “നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാത്രമല്ല, ദശലക്ഷക്കണക്കിന് മുസ്ലീം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നു” എന്നും കത്തിൽ പറയുന്നു. മുസ്ലീങ്ങൾക്കെതിരെ വംശഹത്യയ്ക്കും ആയുധങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള തുറന്ന ആഹ്വാനങ്ങളിൽ സോഷ്യൽ മീഡിയയിലെ രോഷത്തിനും അപലപത്തിനും ശേഷം, ഹരിദ്വാർ പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഒരാളെ മാത്രം പരാമർശിച്ച്‌ പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. ധർമ്മ ദാസ്, സാധ്വി അന്നപൂർണ എന്നീ രണ്ട് പേരുകൾ കൂടി പിന്നീട് ചേർത്തു.

പൂജ ശകുൻ പാണ്ഡെ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സാധ്വി അന്നപൂർണ പരിപാടിയുടേതായ ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നു: “നിങ്ങൾക്ക് അവരെ തീർക്കണമെങ്കിൽ അവരെ കൊല്ലൂ, 20 ലക്ഷം പേരെ കൊല്ലാൻ കഴിയുന്ന 100 സൈനികർ നമുക്ക് വിജയിക്കാൻ ആവശ്യമാണ്”. അതേസമയം പരിപാടി സംഘടിപ്പിക്കുകയും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്തവർ തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കളോട് അടുത്ത ബന്ധമുള്ള ഹിന്ദു രക്ഷാ സേനയുടെ പ്രബോധാനന്ദ ഗിരി താൻ പറഞ്ഞതിൽ തനിക്ക് ലജ്ജ തോന്നുന്നില്ലെന്ന് പറഞ്ഞു.  “മ്യാൻമറിനെപ്പോലെ, നമ്മുടെ പോലീസും നമ്മുടെ രാഷ്ട്രീയക്കാരും നമ്മുടെ സൈന്യവും ഓരോ ഹിന്ദുവും ആയുധമെടുത്ത് സഫായി അഭിയാൻ (വംശീയ ഉന്മൂലനം) നടത്തണം. മറ്റ് വഴികളൊന്നുമില്ല. ” സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇയാൾ പറഞ്ഞു.

“നേരത്തെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ഐപിസിയുടെ 153, 153 എ, 153 ബി, 295 എ, 504, 506, 120 ബി, 34 വകുപ്പുകൾ പ്രകാരം ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, നിരന്തരമായി നടക്കുന്ന ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര ജുഡീഷ്യൽ ഇടപെടൽ ആവശ്യമാണ്.” ചീഫ് ജസ്റ്റിസ് രമണയ്ക്ക് അയച്ച കത്തിൽ പറയുന്നു. സംഭവത്തിനെതിരെ നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ടെന്നും ഈ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

“രാജ്യത്തിന്റെ ജുഡീഷ്യൽ വിഭാഗത്തിന്റെ തലവൻ എന്ന നിലയിൽ താങ്കളുടെ ഭാഗത്ത് നിന്നും ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ ഭരണഘടനാ മൂല്യങ്ങളോടുമുള്ള താങ്കളുടെ പ്രതിബദ്ധത അറിയുന്നതിനാൽ തന്നെ താങ്കൾ ഈ വിഷയത്തിൽ ഉടനടി നടപടിയെടുക്കും എന്ന് കരുതുന്നു,” കത്തിൽ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ