പിഎം ശ്രീ ധാരണാപത്രം റദ്ദാക്കണമെന്ന് ആവർത്തിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പിഎം ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ല. പാർട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെട്ടു. തുടക്കം മുതലേ സിപിഐ ഈ പദ്ധതിയെ എതിർക്കുന്നുണ്ട്. പദ്ധതിയെ അംഗീകരിക്കണമെന്ന ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് ഡി. രാജ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സിപിഐ എതിർപ്പ് വ്യക്തമാക്കി. ഇക്കാര്യം സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ചർച്ച ചെയ്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ധാരണാപത്രം മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചർച്ചകൾ തുടരുമെന്നും ഡി. രാജ പറഞ്ഞു.
പിഎം ശ്രീയിൽ നിലപാടുമായി മുന്നോട്ട് തന്നെയാണ് സിപിഐ. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം. അതേസമയം പിഎം ശ്രീയിൽ തുടർ നടപടികൾ അടുത്തമാസം നാലിന് ചേരുന്ന യോഗത്തിന് ശേഷം തീരുമാനിക്കും.