ബിജെപിയുടെ വോട്ട് കൊള്ളയില്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലേര്‍പ്പെടെ പുതുക്കിയ ആദായ നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പുതുക്കിയ ബില്‍ നിര്‍മ്മല സീതാരാമന്‍ സഭയില്‍ അവതരിപ്പിച്ചു. സെലക്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പരിഷ്‌കരിച്ച പുതിയ ആദായനികുതി ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. ആദായനികുതി (നമ്പര്‍ 2) ബില്‍, 2025, ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നുവെന്നും ഇത് നിലവിലെ നിയമത്തിന് പകരമാകുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ബിജെപി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്‌സഭാ സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിര്‍ദ്ദേശങ്ങളില്‍ ഏതാണ്ട് എല്ലാ ശുപാര്‍ശകളും ഉള്‍പ്പെടുന്നതാണ് പുതിയ ബില്ലെന്നാണ് വിവരം. ഫെബ്രുവരി 13ന് അവതരിപ്പിച്ച ആദായനികുതി ബില്‍-2025 കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ബില്‍ പിന്‍വലിച്ചതിന് പിന്നാലെ, സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുക്കിയ ബില്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പരിഷ്‌കരിച്ച ‘പുതിയ’ ആദായ നികുതി ബില്ലാണ് പ്രതിപക്ഷം സഭയില്‍ ഇല്ലാത്ത സമയത്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതിനകം 4,000 തവണ ഭേദഗതി വരുത്തിയ നിലവിലെ ആദായ നികുതി നിയമം-1961ന് പകരമാണ് ലളിതമാക്കിയ പുത്തന്‍ ബില്‍ അവതരിപ്പിച്ചതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. നികുതിദായകര്‍ക്ക് മുന്‍വര്‍ഷത്തെ നഷ്ടം തുടര്‍വര്‍ഷത്തില്‍ തട്ടിക്കിഴിച്ച് നികുതിബാധ്യത കുറയ്ക്കാനുള്ള അവസരം നല്‍കുക, ഇന്റര്‍-കോര്‍പറേറ്റ് ഡിവിഡന്‍ഡ് ഡിഡക്ഷന്‍ പുനരവതരിപ്പിക്കുക, മനഃപൂര്‍വമല്ലാത്ത വീഴ്ചകള്‍ക്ക് ശിക്ഷ ഒഴിവാക്കുക, നില്‍-ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് കാലതാമസമില്ലാതെ ലഭ്യമാക്കുക, ഐടിആര്‍ ഫയലിങ്ങില്‍ കാലതാമസം വന്നാലും റീഫണ്ട് അനുവദിക്കുക തുടങ്ങിയ മാറ്റങ്ങള്‍ ബില്ലിലുണ്ട്.