ശിവരാത്രിയോട് അനുബന്ധിച്ച് കോയമ്പത്തൂരിലെ ഇഷാ യോഗകേന്ദ്രത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ശബ്ദമലിനീകരണവും മാലിന്യപ്രശ്‌നവും ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് എസ്ടി ശിവജ്ഞാനം എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ തന്നെ രംഗത്തെ് വരികെയായിരുന്നു. ശിവരാത്രി ആഘോഷം ശബ്ദമലിനീകരണത്തിന് കാരണമാകുന്നില്ലെന്നും മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡ് വിശദീകരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തള്ളി.
ശക്തിയേറിയ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമൂലം ശബ്ദമലിനീകരണം ഉണ്ടാകുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കഴിഞ്ഞവര്‍ഷംനടന്ന ആഘോഷത്തില്‍ ശബ്ദമലിനീകരണമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണനിയന്ത്രണബോര്‍ഡ് ഇത് തള്ളി.
താത്കാലിക ശൗചാലയങ്ങളില്‍നിന്നുള്ള മാലിന്യവും മലിനജലവും കൃഷിയിടങ്ങളിലേക്ക് ഒഴുക്കിവിടുന്നുവെന്ന ആരോപണവും നിഷേധിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനും മലിനജലശുദ്ധീകരണത്തിനും ഇഷാ യോഗ കേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്ന സംവിധാനം ബോര്‍ഡ് വിശദീകരിച്ചു.
ബുധന്‍, വ്യാഴം ദിവസങ്ങളിലായിട്ടാണ് ഇഷാ കേന്ദ്രത്തില്‍ ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തില്‍ ശിവരാത്രിയാഘോഷം നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.