ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാർ ഇരുപത്തഞ്ചിലധികം സീറ്റു നേടിയാൽ രാഷ്ട്രീയം മതിയാക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോർ. മുഖ്യമന്ത്രിയെന്ന നിലയിൽ ഇത് നിതീഷ് കുമാറിന്റെ അവസാന ഊഴമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിലെ 243 സീറ്റിലും തൻ്റെ പാർട്ടി തനിച്ചു മത്സരിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോർ വെല്ലുവിളി നടത്തിയത്. ‘ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ ഇത് നിതീഷ് കുമാറിന്റെ അവസാന ഊഴമാണ്. അദ്ദേഹം തളർന്നു. ആരോഗ്യപ്രശ്‌നങ്ങളും ആശങ്കയുളവാക്കുന്നതാണ്. എൻ്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, ഈ വർഷം അദ്ദേഹം 25ലധികം സീറ്റുകൾ നേടാൻ പോകുന്നില്ല. അതിലധികം നേടിയാൽ ഞാൻ രാഷ്ട്രീയം വിടും’ – പ്രശാന്ത് കിഷോർ പറഞ്ഞു.
രാഷ്ട്രീയ ജനതാദളി (ആർജെഡി) ലെയും കോൺഗ്രസിലെയും അഴിമതി എല്ലാവർക്കും അറിയാവുന്നതാണെന്നും അതുകൊണ്ടാണ് ഇക്കുറി ബിജെപി മന്ത്രിമാരുടെ അഴിമതി തുറന്നുകാണിക്കുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ‘ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നു സമ്രാട്ട് ചൗധരിയെ നീക്കണമെന്നും ഏഴുപേർ കൊല്ലപ്പെട്ട താരാപൂരിലെ 1995ലെ കൊലപാതകക്കേസിൽ പങ്കുള്ളതിനാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 1981ലാണ് താൻ ജനിച്ചതെന്നും അതിനാൽ പ്രായപൂർത്തിയായിട്ടില്ലെന്നും കാണിച്ച് സത്യവാങ്മൂലം നൽകിയതിനെത്തുടർന്ന് കോടതി സമ്രാട്ടിനെ വെറുതെ വിടുകയായിരുന്നു’.
‘എന്നാൽ, 2020ൽ നിയമസഭാംഗമായപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന് 51 വയസുണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതായത് 1995ൽ അദ്ദേഹത്തിന് 26 വയസായിരുന്നു. ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായ ഒരാൾ നടത്തിയ വ്യാജരേഖ ചമയ്ക്കലിന്റെ വ്യക്തമായ ഉദാഹരണമാണിത്’.
ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയും ഗ്രാമീണകാര്യ മന്ത്രി അശോക് ചൗധരിയും വൻ അഴിമതിയാണ് നടത്തുന്നതെന്ന് പ്രശാന്ത് ആരോപിച്ചു അശോക് ചൗധരി അടുത്തിടെ 200 കോടി രൂപയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഉന്നയിച്ച ഈ ‘വോട്ട് മോഷണം തിരഞ്ഞെടുപ്പ് തലേന്ന് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൊണ്ടുവന്ന ‘നുഴഞ്ഞുകയറ്റം’ പോലെ അപ്രസക്തമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.