തങ്ങളുടെ എതിരാളികളെ തകര്‍ക്കാന്‍ ചാരപ്പണി ചെയ്യാനും ഇന്ത്യയുടെ രാഷ്ട്രീയ-ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് . പാര്‍ട്ടി വക്താവ് പവന്‍ ഖേരയാണ് ഇതു സംബന്ധിച്ച് ഏപ്രില്‍ അഞ്ചിനുവന്ന ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇക്കാര്യം ഉന്നയിച്ചത്.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ‘പെഗസസ്’ പോലുള്ള പുതിയ ചാര സോഫ്റ്റ്‌വെയര്‍ കേന്ദ്രം കൊണ്ടുവരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
മിക്ക രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന , ഒരു കമ്പനിയില്‍ നിന്ന് ചാര സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പുതിയ ഇടപാടിന് അനുമതി നല്‍കിയിട്ടുണ്ടോ അദ്ദേഹം ചോദിച്ചു.
പെഗസസിന് സമാനമായ ഇസ്രായേല്‍ കമ്പനി ‘കോഗ്‌നൈറ്റി’ല്‍നിന്ന് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ ‘സിഗ്‌നല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്’ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.