ഇൻഡിഗോ വിമാന പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയതിൽ തടയിട്ട് വ്യോമയാന മന്ത്രാലയം. വിമാന ടിക്കറ്റിന് വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000 രൂപ വരെ ഈടാക്കാമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ സർക്കുലറിൽ പറയുന്നത്.
500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. 500 മുതൽ 1000 കിലോമീറ്റർ വരെ 12000 രൂപയും, 15,000 കിലോമീറ്റർ വരെ 15,000 രൂപയും ഈടാക്കാം. 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000 രൂപവരെ ഈടാക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. യൂസർ ഡെവലപ്മെൻ്റ് ഫീസ്, പാസഞ്ചർ സർവീസ് ഫീസ്, നികുതി എന്നിവ ഇതിന് പുറമെയാണ്.
ബിസിനസ് ക്ലാസിനും, ഉഡാൻ ഫ്ലൈറ്റുകൾക്കും ഈ നിരക്ക് ബാധകമല്ല. പ്രതിസന്ധിയിലായിരിക്കുന്ന റൂട്ടുകളിലെ യാത്രാക്കൂലിക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതായി വിവിധ ഭാഗത്തുനിന്ന് ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ഇടപെടൽ.