യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ട്രംപിനെ പോലെ പരസ്യമായി വിദേശനയങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു യുഎസ് പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു. അതുതന്നെ ഒരു വ്യതിയാനമാണ് അത് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി പരമ്പരാഗതമായ ശൈലിയില്‍നിന്ന് വളരെ വ്യത്യസ്തമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങള്‍ക്ക് ട്രംപ് തീരുവകള്‍ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയില്‍ പലതും പരസ്യമായി പറയപ്പെടുന്നു.
ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരായ യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് മുമ്പ്, റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഒരു ബിസിനസ് അനുകൂല അമേരിക്കന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകള്‍ മറ്റുള്ളവരെ ബിസിനസ്സ് ചെയ്യുന്നതിന് കുറ്റപ്പെടുത്തുന്നത് തമാശയാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.