കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയിന്റില്‍നിന്നാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിനം പരിശോധന തുടരുന്നതിനിടയിലാണ് സാക്ഷി ചൂണ്ടിക്കാണിച്ച ആറാമത്തെ ഇടത്ത് കുഴിച്ചപ്പോള്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കിട്ടിയത്. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളില്‍ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിലും കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അന്വേഷണം ആരംഭിച്ചതിനുശേഷം വ്യക്തമായ ഫോറന്‍സിക് തെളിവുകള്‍ നല്‍കുന്ന ആദ്യ സ്ഥലമാണ് ആറാമത്തെ പോയിന്റ്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. അധികൃതര്‍ ഈ കണ്ടെത്തല്‍ സ്ഥിരീകരിച്ചു, ഫോറന്‍സിക് സംഘങ്ങള്‍ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനാല്‍ കേസ് ഇതോടെ ശക്തമായി പുരോഗമിക്കുകയാണെന്ന് പറഞ്ഞു.
നൂറോളം മൃതദേഹങ്ങള്‍ കുഴിക്കാന്‍ നിര്‍ബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് സമീപത്തെ നേത്രാവതി സ്‌നാനഘട്ടത്തിനു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. സാക്ഷിയുടെ മൊഴി കണക്കിലെടുക്കാതെ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ വൈകിയതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീടാണ് ധര്‍മ്മസ്ഥല കൊലപാതക പരമ്പരയെ സംബന്ധിച്ച വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നത്. കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് സാമുദായികമായി ഉള്ള പിന്തുണയും ഒപ്പം കര്‍ണാടയകയിലെ പ്രതിപക്ഷത്തിള്ള ബിജെപിയില്‍ നിന്നുള്ള പിന്‍ബലവും കേസില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ബിജെപിആരോപണ വിധേയനായ വിരേന്ദ്ര ഹെഗ്‌ഡേയ്ക്കായി രാഷ്ട്രീയമായി രംഗത്തിറങ്ങുകയും ചെയ്തു. സ്ഥിരം വര്‍ഗീയ കാര്‍ഡിറക്കി പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് വീരേന്ദ്ര ഹെഗ്‌ഡേയ്ക്ക് വേണ്ടി കര്‍ണാടക ബിജെപി നടപ്പിലാക്കുന്നത്. ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്ത് വന്നത്. ചില അദൃശ്യകൈകള്‍ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബിജെപി നേതാവ് അശോക ആരോപിച്ചിരുന്നു. പരാതിയുമായി രംഗത്ത് വന്നയാള്‍ മുസ്ലിം ആണെന്നും ഇതിന് പിന്നില്‍ കേരള സര്‍ക്കാരാണെന്ന് പോലും കര്‍ണാടക പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
ഇന്നലെ എസ്‌ഐടി തലവന്‍ പ്രണബ് മൊഹന്തി ബെംഗളൂരുവില്‍ നിന്ന് ധര്‍മസ്ഥലയില്‍ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്റുകളില്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു. സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയന്റുകളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയന്റുകള്‍ നേത്രാവതി നദിയോട് ചേര്‍ന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്‌നാനഘട്ടത്തില്‍ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയന്റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാന്‍ എസ്‌ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതല്‍ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ഭരണം വളരെക്കാലമായി ശക്തരായ ഹെഗ്ഗഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു, 1968 മുതല്‍ വീരേന്ദ്ര ഹെഗ്ഗഡെ 21-ാമത് ധര്‍മ്മാധികാരി അഥവാ പാരമ്പര്യ തലവനായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ജേതാവായ ഹെഗ്ഗഡെ പാര്‍ലമെന്റിന്റെ രാജ്യസഭയിലെ അംഗമാണ്. 2022-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപിയാണ് വീരേന്ദ്ര ഹെഗ്‌ഡെയെ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത്.