'സര്‍ബത്ത് ജിഹാദി'ല്‍ ബാബ രാംദേവിനെതിരെ വടിയെടുത്ത് ഡല്‍ഹി കോടതി; 'അയാള്‍ അയാളുടെതായ ഏതോ ലോകത്താണ് ജീവിക്കുന്നത്'; ഇനി കോടതിയലക്ഷ്യ നടപടി; റൂഹ് അഫ്‌സ തണുപ്പിക്കുക മാത്രമല്ല ചിലരെ പൊള്ളിക്കും

പതഞ്ജലിയുടെ ബിസിനസ് കൂട്ടാന്‍ വര്‍ഗീയ കാര്‍ഡിറക്കുന്ന സ്ഥിരം ബിസിനസ് തന്ത്രവുമായി റൂഹ് അഫ്സയ്‌ക്കെതിരെ ഇറങ്ങിയ ബാബ രാംദേവിനെതിരെ കടുത്ത നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. റൂഹ് അഫ്‌സ എന്ന ഹെര്‍ബല്‍ പാനീയത്തിനെതിരെ കോടതി ഉത്തരവ് ലംഘിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് കേന്ദ്രസര്‍ക്കാരില്‍ വലിയ പിടിയുള്ള ബാബ രാംദേവ് കോടതിയ്ക്ക് മുന്നില്‍ കുടുങ്ങിയത്. ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ ഇന്ത്യയെയോ അവരുടെ ഫ്‌ലാഗ്ഷിപ്പ് ഉല്‍പ്പന്നമായ റൂഹ് അഫ്‌സയെയോ ലക്ഷ്യമിട്ട് വര്‍ഗീയ പരമര്‍ശങ്ങളോ അധിക്ഷേപമോ നടത്തുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി പതഞ്ജലി സ്ഥാപകനെ വിലക്കിയിരുന്നു. ‘ശര്‍ബത്ത് ജിഹാദ്’ എന്ന പരാമര്‍ശത്തോടെയാണ് റൂഹ് അഫ്‌സയെ ബാബ രാംദേവ് പലയിടങ്ങളിലും അവഹേളിക്കാന്‍ ശ്രമിച്ചത്.

പതഞ്ജലി ‘ഗുലാബ് ശര്‍ബത്ത്’ പുറത്തിറക്കിയതോടെയാണ് മാര്‍ക്കറ്റില്‍ കാലങ്ങളായി വലിയ വിപണിയുള്ള ഹംദര്‍ദിന്റെ റോസ് ശര്‍ബത്തിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം ആദ്യം പതഞ്ജലിയുടെ ‘ഗുലാബ് ശര്‍ബത്ത്’ ആളുകളിലേക്ക് കൂടുതലെത്തിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഹംദാര്‍ദിന്റെ റൂഹ് അഫ്സയില്‍ നിന്നുള്ള വരുമാനം മദ്രസകളുടെയും പള്ളികളുടെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന് രാംദേവ് പ്രസ്താവിച്ചത്. ‘ശര്‍ബത്ത് ജിഹാദ്’ എന്ന് മുദ്രകുത്തിയാണ് റൂഹ് അഫ്‌സയിലും രാംദേവ് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

ശര്‍ബത്ത് ജിഹാദ് പരാമര്‍ശം പ്രതിഷേധത്തിന് കാരണമായതോടെ റൂഹ് അഫ്‌സ ഉല്‍പാദിപ്പിക്കുന്ന ഹംദാര്‍ദ് ജുഡീഷ്യറിയെ സമീപിച്ചു. ഏപ്രില്‍ 22-ന് നടന്ന വാദത്തിനിടെ രാംദേവിന്റെ പരാമര്‍ശങ്ങള്‍ ‘കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു’ എന്നും ‘ന്യായീകരിക്കാന്‍ കഴിയാത്ത’ പരാമര്‍ശമെന്നും ഡല്‍ഹി ഹൈക്കോടതി അതിശയിച്ചു. അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ശനമായ ഉത്തരവ് ഉണ്ടാകുമെന്ന് അന്നേ ഹൈക്കോടതി ബെഞ്ച് രാംദേവിന്റെ നിയമസംഘത്തിന് മുന്നറിയിപ്പ് നല്‍കി. ഇതിന് മറുപടിയായി, പരസ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും കാലതാമസമില്ലാതെ നീക്കം ചെയ്യുമെന്ന് രാംദേവ് കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. കോടതിയുടെ കടുത്ത നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഇനി നടത്തില്ലെന്നും കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുമെന്നും വ്യക്തമാക്കി രാംദേവിന്റെ അഭിഭാഷകന്‍ കോടതിിയ്ക്ക് ഉറപ്പും നല്‍കി. വാക്കാല്‍ ഒരു സത്യവാങ്മൂലമായി ഇത് സമര്‍പ്പിക്കാനു കോടതി ഉത്തരവിട്ടിരുന്നു.

കോടതിയുടെ മുന്‍ ഉത്തരവും രേഖാമൂലമുള്ള ഉറപ്പും ഉണ്ടായിരുന്നിട്ടും, വ്യാഴാഴ്ച ഹംദാര്‍ദിന്റെ നിയമസംഘം സമാനമായ ആക്ഷേപകരമായ ഉള്ളടക്കം അടങ്ങിയ ഒരു വീഡിയോ രാംദേവ് വീണ്ടും പുറത്തിറക്കിയതായി സൂചിപ്പിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കി. രാംദേവിന്റെ പുതിയ വീഡിയോ മുന്‍ കോടതി നിര്‍ദ്ദേശത്തിന്റെ വ്യക്തമായ ലംഘനമാണെന്നും മനഃപൂര്‍വമായ കോടതിയലക്ഷ്യമാണെന്നും ഹംദാര്‍ദിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹത്ഗിയും സന്ദീപ് സേഥിയും വാദിച്ചു.

‘ഇത് വിദ്വേഷ പ്രസംഗത്തിന് തുല്യമാണ്. ഇത് ഒരു സര്‍ബത്ത് ജിഹാദ് ആണെന്ന് രാംദേവ് പറയുന്നു. അയാള്‍ക്ക് തന്റെ ബിസിനസില്‍ ശ്രദ്ധിച്ചാല്‍ പോരെ, എന്തിനാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്?’

രാംദേവിന്റെ പരാമര്‍ശങ്ങള്‍ ഹംദാര്‍ദിന്റെ സ്ഥാപകരുടെ മതപരമായ സ്വത്വത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും ആവിഷ്‌കാര അവകാശത്തിന് കീഴില്‍ സംരക്ഷിക്കരുതെന്നും സന്ദീപ് സേഥി കോടതിയെ അറിയിച്ചു. പതഞ്ജലി സ്ഥാപകന്റെ പെരുമാറ്റം ‘ആരുടെയും നിയന്ത്രണത്തിലല്ല’ താനെന്ന മട്ടിലാണെന്നും ‘അയാളുടെ സ്വന്തം ലോകത്താണ് ജീവിക്കുന്നത്’ എന്ന തരത്തിലുള്ള പ്രകടനമാണ് നടക്കുന്നതെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ ഇന്ത്യയെയോ അതിന്റെ മുന്‍നിര ഉല്‍പ്പന്നമായ റൂഹ് അഫ്സയെയോ ലക്ഷ്യം വച്ചുള്ള പൊതു അഭിപ്രായങ്ങളോ പരസ്യങ്ങളോ വീഡിയോകളോ പുറപ്പെടുവിക്കുന്നതില്‍ നിന്ന് രാംദേവിനെ കോടതി നേരത്തെ വിലക്കിയിരുന്നുവെന്നും എന്നാല്‍ കോടതിയുടെ വാക്കുകളെ തള്ളികളഞ്ഞുവെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

കോടതിയുടെ അവസാന ഉത്തരവ് കണക്കിലെടുത്ത് ബാബാ രാംദേവിന്റെ സത്യവാങ്മൂലവും ഈ വീഡിയോയും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും താന്‍ ഇപ്പോള്‍ ഒരു കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുകയാണെന്നും ജസ്റ്റിസ് ബന്‍സാല്‍ പതഞ്ജലി അഭിഭാഷകരോട് പറഞ്ഞു. ഞങ്ങള്‍ രാംദേവിനെ ഇങ്ങോട്ട് വിളിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

Latest Stories

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍