രാജ്യത്തെ ബിജെപി ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഇഡിയ്ക്ക് വീണ്ടും കോടതിയുടെ മുന്നില്‍ ദയനീയ തിരിച്ചടി. ഇന്ത്യന്‍ നിയമനടപടികളെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്താണ് ഇഡി നടപടികളെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്‌കയ്‌ക്കെതിരായി ഇഡി രജിസ്റ്റര്‍ ചെയ്ത കേസും എഫ്‌ഐആറും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇ.ഡി.യുടെ നടപടിക്രമങ്ങള്‍ ‘ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗവും കൂടിയാണെന്നും കോടതി തുറന്നടിച്ചു.
ഇ.ഡി.യുടെ നടപടിക്രമങ്ങള്‍ ‘ദുരുദ്ദേശ്യം മാത്രമല്ല, ഹര്‍ജിക്കാരുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിനുമേലുള്ള ഏകപക്ഷീയമായ ആക്രമണവും അധികാര ദുര്‍വിനിയോഗവും കൂടിയാണ്.
രാജ്യത്താകമാനം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയും മാധ്യമ സ്ഥാപനങ്ങളേയും തങ്ങളെ എതിര്‍ക്കുന്നവരേയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കൂടി തിരിച്ചടിയാണ് ഡല്‍ഹി ഹൈക്കോടതി നടപടി. മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ന്യൂസ് ക്ലിക്ക് സ്ഥാപകനുമായ പ്രബീര്‍ പുര്‍കായസ്ത വേട്ടയാടപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി കേസില്‍ നടപടികള്‍ക്കായി ഒന്നുമില്ലെന്ന് കണ്ടെത്തിയാണ് കോടതിയുടെ നിര്‍ണായക വിധി.
ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയ്ക്കും എതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി ഇഡിയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശം നടത്തുമ്പോഴും കേസിന്റെ നാള്‍ വഴികളില്‍ കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സിയ്ക്കും തങ്ങളെ എതിര്‍ക്കുന്നവരെ കയ്യേറ്റം ചെയ്യാനാകുമെന്ന് വെളിവാക്കുന്നുണ്ട് നടപടി ക്രമങ്ങള്‍. നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രബീര്‍ 225 ദിവസം വിചാരണ തടവുകാരനായി ജയിലിലായിരുന്നു. എഫ്ഐറിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചാലും ഐപിസി സെക്ഷന്‍ 406, 420 വകുപ്പുകളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട് ഇഡിയുടെ നടപടികളിലെ രാഷ്ട്രീയം. കേസുമായി മുന്നോട്ടുപോകുന്നത് നിയമപ്രകിയയുടെ ദുരുപയോഗം ചെയ്യലാണെന്ന് കൂടി നിരീക്ഷിച്ചാണ് ഡല്‍ഹി ഹൈക്കോടതി കേസ് റദ്ദാക്കിയത്.
2020 ഓഗസ്റ്റില്‍ ബിജെപി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇഡിയ്ക്ക് മുന്നിലേക്ക് എത്തിച്ച പരാതിയിലാണ് ഇഡി പ്രബിര്‍ പുര്‍കായസ്തയെ കുടുക്കിയത്. എഫ്ഡിഐ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ രൂപകല്‍പ്പന ചെയ്ത തെറ്റായ മൂല്യനിര്‍ണ്ണയം കൊണ്ട് നടത്തിയ ഓഹരി ഇടപാടിലൂടെ യുഎസ് ആസ്ഥാനമായുള്ള വേള്‍ഡ്വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍സിയില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് 9.59 കോടി രൂപ എഫ്ഡിഐ സ്വീകരിച്ചതായായിരുന്നു രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. ശമ്പളം, കണ്‍സള്‍ട്ടന്‍സി ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയിലൂടെ ഫണ്ടിന്റെ ഒരു പ്രധാന ഭാഗം വകമാറ്റിയതായി ആരോപിക്കപ്പെട്ടു. എഫ്ഐആറിന്റെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയയ്ക്കുകയും ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇഡി അന്വേഷണം തുടങ്ങുകയും ചെയ്തു.
എന്നാല്‍ ന്യൂസ് ക്ലിക്ക് കമ്പനിയായ പിപികെ ന്യൂസ് ക്ലിക്ക് സ്റ്റ്യുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊത്തം ഓഹരികള്‍ക്ക് പകരമായി മൂന്ന് ഘട്ടങ്ങളിലായി 1.5 മില്ല്യണ്‍ യുഎസ് ഡോളര്‍ വീതം നിക്ഷേപിക്കാന്‍ യുഎസ് ആസ്ഥാനമായുള്ള വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്സ് എല്‍എല്‍എസി തീരുമാനിച്ചതായി സ്ഥാപനം സമ്മതിച്ചിരുന്നുവെന്ന് കോടതി വ്യക്തമാക്കി. 2018 ഏപ്രില്‍ 11നാണ് സ്ഥാപനം ആദ്യഗഡു സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അച്ചടി മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും എഫ്ഡിഐ സ്വീകരിക്കുന്നത് സംബന്ധിച്ച നയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് 2017ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ന്യൂസ് ക്ലിക്ക് കത്തയച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്ഡിഐ നയവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയില്‍ നിന്ന്, വാര്‍ത്തകളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമായി. അതിനാല്‍, ഹര്‍ജിക്കാരനും മെസ്സേഴ്‌സ് വേള്‍ഡ്വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍സിയും തമ്മിലുള്ള കരാറും, അതിനാല്‍, 20.03.2018 ലെ നിക്ഷേപ കരാറും ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഏതെങ്കിലും ക്രിമിനല്‍ കുറ്റം വെളിപ്പെടുത്തുന്നതോ ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളിലെ റെയ്ഡിന് പിന്നാലെ 2023 ഒക്ടോബറിലായിരുന്നു പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ നടപടിയ്‌ക്കെതിരെ സുപ്രീംകോടതി പോലും രൂക്ഷ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഉത്തരവില്‍ ഡല്‍ഹി പൊലീസിന് നേരെ രൂക്ഷവിമര്‍ശനം കോടതി ഉന്നയിച്ചിരുന്നു. 2024 മേയില്‍ ന്യൂസ് ക്ലിക്ക് കേസില്‍ എഡിറ്റര്‍ പ്രബിര്‍ പുരസ്‌കായയ്ക്കെതിരായ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇഡി കേസിനൊപ്പമുണ്ടായിരുന്ന യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് കൂടി സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎയ്ക്കൊപ്പം ക്രിമനില്‍ ഗൂഢാലോചനയും സമൂഹത്തില്‍ സ്പര്‍ധവളര്‍ത്തലുമെല്ലാം ആരോപിച്ചാണ് 2023 ഒക്ടോബറില്‍ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത്. യുഎപിഎ കേസില്‍ അറസ്റ്റും റിമാന്‍ഡും അസാധുവാണെന്ന് കൂടി ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അന്ന് നിരീക്ഷിച്ചിരുന്നു.
അറസ്റ്റ് ചെയ്തതിന്റെ കാരണം പോലും നല്‍കിയില്ലെന്നത് കണ്ടിട്ട് ഈ അറസ്റ്റ് അങ്ങേയറ്റം ദുഷിച്ചതാണെന്ന് പറയാന്‍ ഈ കോടതിയ്ക്ക് ഒരു മടിയുമില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇന്ന് ഇഡി കേസും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കോടതി കേസ് റദ്ദ് ചെയ്യുമ്പോള്‍ എത്ര ഭീതിദമാണ് ഭരണകൂടത്തിനനുസരിച്ചുള്ള ഏജന്‍സികളുടെ വേട്ടയാടല്‍ എന്നത് വ്യക്തമാവുകയാണ്.