ബ്രേക്കിംഗ് ബാഡ് വെബ് സീരിസിന് സമാനമായി 15 കോടി രൂപയുടെ മയക്കുമരുന്ന് നിര്‍മ്മിച്ച അധ്യാപകര്‍ പിടിയിലായി. രാജസ്ഥാനിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ ശാസ്ത്ര അധ്യാപകനും കോച്ചിങ് സെന്ററിലെ മുന്‍ ഫിസിക്‌സ് അധ്യാപകനും ചേര്‍ന്നാണ് ബ്രേക്കിംഗ് ബാഡ് വെബ്‌സീരിസിലെ പ്രധാന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം കോടികളുടെ മയക്കുമരുന്ന് നിര്‍മ്മിച്ചത്.
ഗംഗാസാഗര്‍ ജില്ലയിലെ മുക്ലാവയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ മനോജ് ഭാര്‍ഗവ്, രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗാര്‍ത്ഥിയും കോച്ചിങ് സെന്ററിലെ മുന്‍ ഫിസിക്‌സ് അധ്യാപകനുമായ ഇന്ദ്രജിത്ത് വിഷ്‌ണോയ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചത് 15 കോടി രൂപയുടെ മെഫിഡ്രോണ്‍ എന്ന മാരക മയക്കുമരുന്നാണ്. ഗുരുതരമായ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ് മെഫിഡ്രോണ്‍ എന്ന് എന്‍സിബി അറിയിച്ചു. വന്‍തോതില്‍ മയക്കുമരുന്നുണ്ടാക്കി വിതരണം ചെയ്യുകയായിരുന്നു ഇരുവരുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്ന് നിര്‍മ്മാണത്തിനായി ഇരുവരും ചേര്‍ന്ന് ഗംഗാനഗറിലെ റിധി-സിദ്ധി എന്‍ക്ലേവിലെ ഡ്രീം ഹോംസ് അപാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും എത്തിച്ച് ലാബ് സജ്ജീകരിച്ചു. പിന്നാലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് കഴിഞ്ഞ രണ്ടരമാസമായി ഇരുവരും ഇവിടെ വെച്ച് മയക്കുമരുന്ന് ഉണ്ടാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഇവരുടെ ഫ്‌ളാറ്റില്‍ എന്‍സിബി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് നിര്‍മിക്കാന്‍ ഉപേയാഗിച്ച ഉപകരണങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടരസ മാസത്തിനിടെ അഞ്ച് കിലോ ഗ്രാം മയക്കുമരുന്ന് ഇവര്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇതില്‍ 4.22 കിലോ മയക്കുമരുന്നും വിറ്റഴിച്ച ശേഷമാണ് ഇരുവരും പിടിയിലാകുന്നത്.
അഞ്ചു കിലോ മയക്കുമരുന്നിന് മാര്‍ക്കറ്റില്‍ 15 കോടിയോളമാണ് വിലവരുന്നത്. ഫ്‌ളാറ്റില്‍ അവശേഷിച്ചിരുന്ന 780 ഗ്രാമം മയക്കുമരുന്നും ആധുനിക നിര്‍മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് 2.34 കോടി വിലവരുമെന്നും എന്‍സിബി അറിയിച്ചു.